Posted By user Posted On

പ്രവാസികളെ പ്രതിസന്ധിയിലാക്കി കേരളത്തിലെ പൂട്ടിയിട്ട വീടുകൾക്ക് പ്രത്യേക നികുതി

കേരളത്തിലെ പൂട്ടിയിട്ട വീടുകള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തുന്നത് പ്രവാസികളെ പ്രതിസന്ധിയിലാക്കും. നിയമം നിലവില്‍ വരുന്നതോടെ ഗള്‍ഫില്‍ തൊഴിലെടുക്കുന്ന സാധാരണക്കാരായ പ്രവാസികളായിരിക്കും പ്രതിസന്ധിയിലാവുക. ദീര്‍ഘകാലമായി പൂട്ടിയിട്ട വീടുകള്‍ക്ക് തദ്ദേശസ്വയംഭരണവകുപ്പ് കേരളത്തില്‍ പ്രത്യേക നികുതി ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി ബജറ്റില്‍ നിര്‍ദേശിച്ചിരുന്നു. സര്‍ക്കാരിന്റെ അധിക ധനസമാഹരണത്തിന്റെ ഭാഗമായാണ് ദീര്‍ഘകാലമായി പൂട്ടിയിട്ട വീടുകള്‍ക്ക് പ്രത്യേക നികുതി ചുമത്താനുള്ള ബജറ്റ് നിര്‍ദേശമുണ്ടായത്.
ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലേറെ വീടുകള്‍ക്കും പുതുതായി നിര്‍മിച്ചതും ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകള്‍ക്കും പ്രത്യേക നികുതി ചുമത്തുമെന്നാണ് ധനമന്ത്രിയുടെ ബജറ്റ് നിര്‍ദേശം. സമഗ്രമായ വീട്ടുനികുതി പരിഷ്‌കരണംകൂടി വരുന്നതോടെ പ്രവാസികള്‍ക്കത് ഇരുട്ടടിയാവുമെന്ന് ഉറപ്പാണ്.

ഒരു പ്രവാസിയെ സംബന്ധിച്ച് വലിയ സ്വപ്നമാണ് സ്വന്തമായൊരു വീട് നിര്‍മിക്കുകയെന്നത്. ഗള്‍ഫില്‍ കഷ്ടപ്പെട്ട് കിട്ടുന്ന ചെറിയ കരുതല്‍ സമ്പാദ്യം ഉപയോഗിച്ചായിരിക്കും ഭൂരിഭാഗം പ്രവാസികളും നാട്ടിലൊരു വീട് നിര്‍മിക്കുക. സൗകര്യങ്ങളോടുകൂടിയ സാമാന്യം വലിയ വീടുകളായിരിക്കും മിക്കവരും നിര്‍മിക്കുന്നത്. വീട് പാലുകാച്ചല്‍ കഴിഞ്ഞയുടന്‍ ദീര്‍ഘകാലത്തേക്ക് പൂട്ടിയിടുന്ന പ്രവണതയാണ് കൂടുതലും കണ്ടുവരുന്നത്. പിന്നീട് അവധിക്ക് നാട്ടില്‍വരുമ്പോഴാണ് ഹ്രസ്വദിവസങ്ങളില്‍ പുതിയ വീട്ടില്‍ താമസിക്കുക പതിവ്. കേരളത്തില്‍ പൂട്ടിയിട്ട വീടുകള്‍ ഏകദേശം 15 ലക്ഷത്തോളം വരുമെന്നാണ് കണക്ക്. യു.എ.ഇ. യിലെ സംഘടനകളും സര്‍ക്കാരിന്റെ പൂട്ടിയിട്ട വീടുകള്‍ക്ക് പ്രത്യേക നികുതിയേര്‍പ്പെടുത്തുന്ന ഏര്‍പ്പാടിനെതിരേ വ്യാപക പ്രതിഷേധമറിയിച്ചിട്ടുണ്ട്. സാധാരണ പ്രവാസികളെ പുതിയ നികുതി നിര്‍ദേശത്തില്‍നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. പ്രവാസികളെ കാര്യമായി ബാധിക്കുന്ന ഈ പ്രശ്‌നം നിയമസഭയില്‍ കെ.ബി. ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ ഉന്നയിക്കുകയുണ്ടായി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *