ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയറായി വീണ്ടും മലയാളി; എട്ടു കോടിയുടെ ഭാഗ്യം തേടിയെത്തിയത് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ
ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ വീണ്ടും മലയാളിക്ക് ഒന്നാം സമ്മാനം. ഒരു ദശലക്ഷം യുഎസ് ഡോളർ (7.91 കോടി രൂപ) നേടിയ ഭാഗ്യവാൻ കോശി വർഗീസ് എന്ന നൽപ്പത്തിയെട്ടുകാരനാണ്.
ദുബായിൽ താമസിക്കുന്ന ഇദ്ദേഹം, ഡ്യൂട്ടി ഫ്രീയുടെ ഭാഗ്യപരീക്ഷണം നിരന്തരം നടത്തിയിരുന്ന വ്യക്തിയാണ്. ‘കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാനെന്റെ ഭാഗ്യം പരീക്ഷിക്കുകയായിരുന്നു. ഒടുവിൽ അതിൽ വിജയിച്ചതിൽ അതിയായ സന്തോഷമുണ്ട്. ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദിയുണ്ട്’– കോശി വർഗീസ് പറഞ്ഞു.
കൊച്ചിയിൽ നിന്നും ദുബായിലേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹം ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ സീരീസ് 396 ടിക്കറ്റ് എടുത്തത്. 0844 എന്ന നമ്പറാണ് കോശി വർഗീസിന് ഭാഗ്യം കൊണ്ടുവന്നത്.
1999ൽ മില്ലേനിയം മില്യണയർ പ്രെമോഷൻ തുടങ്ങിയതിനു ശേഷം ഒരു ദശലക്ഷം യുഎസ് ഡോളർ സ്വന്തമാക്കിയ 195–ാമത് ഇന്ത്യക്കാരനാണ് കോശി വർഗീസ്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പ് ടിക്കറ്റുകൾ കൂടുതലും എടുക്കുന്നത് ഇന്ത്യക്കാരാണ്. അതിനാൽ തന്നെ വിജയികളും കൂടുതൽ. ഇതിൽ തന്നെ നല്ലൊരു ശതമാനവും മലയാളികളാണ്.
ഇന്നു തന്നെ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സർപ്രൈസ് ഡ്രോയിൽ അർജുൻ സിങ് എന്ന ഇന്ത്യക്കാരൻ വീണ്ടും ആഡംബര ബൈക്ക് സ്വന്തമാക്കി. ബിഎംഡബ്യു ആർ 9 ടി എന്ന വാഹനമാണ് അർജുൻ ഇന്ന് നേടിയത്. ജൂലൈ 20ന് നടന്ന നറുക്കെടുപ്പിൽ അർജുൻ ഹാർലി ഡേവിഡ്സൺ ബൈക്ക് സ്വന്തമാക്കിയിരുന്നു. ദുബായിൽ താമസിക്കുന്ന സാല അൽ അലി എന്ന ഡച്ച് സ്വദേശി ബിഎംഡബ്യു X6 M50i കാറും സൗദിയിലെ ജിദ്ദയിൽ താമസിക്കുന്ന കനേഡിയൻ പൗരൻ യൂസഫ് ഇൽ അബ്ബാസ് ബെൻസിന്റെ എഎംജി GT 43 കാറും നേടി.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ
Comments (0)