സർക്കാർ ഭൂമിയിൽ അനധികൃത കൈയേറ്റം; മരുഭൂമിയിൽ രഹസ്യ കേന്ദ്രങ്ങൾ, കുവൈത്തിൽ നിയമലംഘകർക്കെതിരെ നടപടി

കുവൈത്തിൽ സർക്കാർ ഭൂമി അനധികൃതമായി കൈയേറുന്നതിനും മരുഭൂമികളിൽ അനുമതിയില്ലാതെ ക്യാംപുകളും മൃഗപ്പുരകളും സ്ഥാപിക്കുന്നതിനുമെതിരെ ശക്തമായ നടപടികളുമായി അധികൃതർ. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായാണ് പരിശോധനാ ആരംഭിച്ചത്. അൽ സൽമി മരുഭൂമിയിൽ നടത്തിയ പരിശോധനയിൽ ആവശ്യമായ അനുമതികളില്ലാതെ പ്രവർത്തിച്ച മൂന്ന് മൃഗപ്പുരകൾ കണ്ടെത്തി. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളുടേതാണ് ഇവയെന്നാണ് അധികൃതർ വ്യക്തമാക്കിയത്. മുനിസിപ്പാലിറ്റി ചട്ടങ്ങൾ, കാർഷിക നിയമങ്ങൾ, മേച്ചിൽ നിയന്ത്രണങ്ങൾ എന്നിവ ലംഘിച്ചായിരുന്നു ഇവയുടെ പ്രവർത്തനം.

പരിശോധനയ്ക്കിടെ മറ്റൊരു ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നു. അധികൃതർ പിടിച്ചെടുക്കാൻ തിരയുന്ന വാഹനങ്ങൾ ചില കേന്ദ്രങ്ങളിൽ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു. അടച്ചുപൂട്ടിയ ഒരു കമ്പനിയുടെ ടാക്സി വാഹനങ്ങളും ഉപേക്ഷിക്കപ്പെട്ട നിരവധി കാറുകളും ഇവിടെനിന്ന് കണ്ടെത്തി.

ഉമ്മുൽ ഖദീർ ഉൾപ്പെടെയുള്ള പ്രകൃതിസംരക്ഷണ മേഖലകളിലും പരിശോധന നടത്തി. വന്യജീവികളുടെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം. അൽ മനാഖിഷിലെ പക്ഷിവളർത്തൽ കേന്ദ്രത്തിലും കൈയേറ്റം കണ്ടെത്തി. ആടുകളെയും ഒട്ടകങ്ങളെയും വളർത്താൻ ഔദ്യോഗികമായി അനുവദിച്ച സ്ഥലങ്ങൾ മറ്റുള്ളവർ പക്ഷിവളർത്തലിനായി കൈയടക്കിയതായും കണ്ടെത്തി. സർക്കാർ ഭൂമി അനധികൃതമായി കൈയേറുന്നവർക്കെതിരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും പൊതുസ്വത്ത് കൈയേറിയതുകൊണ്ട് ആർക്കും നിയമപരമായ അവകാശം ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *