കുവൈത്ത് സിറ്റി: കെട്ടിട ഉടമകളുടെ സാക്ഷ്യപ്പെടുത്തലിനെത്തുടർന്നും കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിനെത്തുടർന്നും 932 പേരുടെ റസിഡൻഷ്യൽ മേൽവിലാസങ്ങൾ സിവിൽ ഐഡി റെക്കോർഡുകളിൽ നിന്ന് നീക്കം ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ സിവില്‍ ഇൻഫർമേഷൻ അറിയിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചു. മേൽവിലാസം റദ്ദാക്കപ്പെട്ട വ്യക്തികൾ വിജ്ഞാപനം വന്ന് 30 ദിവസത്തിനുള്ളിൽ തങ്ങളുടെ പുതിയ താമസസ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ അതോറിറ്റിയിൽ പുതുക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. തങ്ങളുടെ മേൽവിലാസത്തിൽ മാറ്റം വരുത്തേണ്ടവർ ആവശ്യമായ രേഖകൾ സഹിതം പിഎസിഐ ഓഫീസിൽ നേരിട്ടെത്തിയോ അല്ലെങ്കിൽ സർക്കാർ സേവന ആപ്പായ ‘സാഹെൽ’ വഴിയോ വിവരങ്ങൾ പുതുക്കേണ്ടതാണ്. നേരിട്ട് അതോറിറ്റിയിലെത്തി ആവശ്യമായ രേഖകൾ സമർപ്പിച്ച് വിലാസം രജിസ്റ്റർ ചെയ്യാം. സാഹെൽ ആപ്പ് വഴി ലളിതമായി ഡിജിറ്റൽ നടപടികൾ പൂർത്തിയാക്കാം. നിശ്ചിത 30 ദിവസത്തെ സമയപരിധിക്കുള്ളിൽ വിവരങ്ങൾ പുതുക്കാത്തവർക്കെതിരെ 1982-ലെ 32-ാം നമ്പറിലെ ആർട്ടിക്കിൾ 33 പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് PACI മുന്നറിയിപ്പ് നൽകി. നിശ്ചിത സമയത്തിനുള്ളിൽ വിലാസം മാറ്റാത്തവർക്ക് ഒരാൾക്ക് 100 കുവൈത്തി ദിനാർ വരെ (ഏകദേശം 27,000 രൂപയിലധികം) പിഴ ഈടാക്കും. കുടുംബത്തിലെ അല്ലെങ്കിൽ ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച് ഈ പിഴത്തുക ഇരട്ടിക്കും. നിയമപരമായ പിഴയും മറ്റ് സങ്കീർണ്ണതകളും ഒഴിവാക്കുന്നതിനായി റദ്ദാക്കപ്പെട്ട പട്ടികയിലുള്ളവർ എത്രയും വേഗം വിലാസം പുതുക്കൽ നടപടികൾ പൂർത്തിയാക്കണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.
Home
Kuwait
കുവൈത്തില്‍ 900 ലധികം പേരുടെ മേൽവിലാസം നീക്കം ചെയ്തു; വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ എട്ടിന്റെ പണി