കുവൈത്ത് സിറ്റി: തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റുമായി ചേർന്ന് തയ്യാറാക്കിയ ഡിജിറ്റൽ സംവിധാനത്തിന്റെ ഘടന വ്യക്തമാക്കി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ശമ്പള വിതരണം നേരിട്ട് നിരീക്ഷിക്കുന്നതിനുള്ള ഇലക്ട്രോണിക് ലിങ്കേജ് സിസ്റ്റം എട്ട് കൃത്യമായ ഘട്ടങ്ങളിലൂടെയാണ് പ്രവർത്തിക്കുന്നതെന്ന് അതോറിറ്റി വെളിപ്പെടുത്തി. തൊഴിലുടമ ശമ്പള വിതരണത്തിനായി അപേക്ഷ സമർപ്പിക്കുന്നത് മുതൽ വിതരണത്തിന്റെ അന്തിമ വിവരങ്ങൾ അതോറിറ്റിക്ക് ഡിജിറ്റലായി ലഭിക്കുന്നത് വരെയുള്ള നടപടികളാണ് ഇതിൽ ഉൾപ്പെടുന്നത്.
ഡിജിറ്റൽ പരിശോധനയിലെ 8 പ്രധാന ഘട്ടങ്ങൾ
മാൻപവർ അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സിസ്റ്റത്തിന്റെ പ്രവർത്തന ഘട്ടങ്ങൾ താഴെ പറയുന്നവയാണ്:
അപേക്ഷ സമർപ്പിക്കൽ: തൊഴിലുടമ ശമ്പള വിതരണത്തിനായി സിസ്റ്റത്തിൽ അപേക്ഷ നൽകുന്നു.
സെൻട്രൽ ബാങ്ക് പ്രൊസസിംഗ്: അപേക്ഷ സെൻട്രൽ ബാങ്ക് വഴി പ്രൊസസ്സ് ചെയ്യുന്നു.
ബാങ്ക് ഡാറ്റ കൈമാറ്റം: കമ്പനിയുടെ ബാങ്കിലേക്ക് തൊഴിലാളികളുടെ ശമ്പള വിവരങ്ങൾ കൈമാറുന്നു.
രേഖകളുടെ ഒത്തുനോക്കൽ: രജിസ്റ്റർ ചെയ്ത ജീവനക്കാരുടെ വിവരങ്ങളുമായി ബാങ്ക് ഡാറ്റ ഒത്തുനോക്കുന്നു.
ഡാറ്റ വാലിഡേഷൻ: ജീവനക്കാരുടെ വിവരങ്ങളും തുകയും കൃത്യമാണെന്ന് സിസ്റ്റം ഉറപ്പുവരുത്തുന്നു.
ശമ്പള വിതരണം: പണം ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നു.
ഫലങ്ങൾ തയ്യാറാക്കൽ: വിതരണത്തിന്റെ കൃത്യമായ റിപ്പോർട്ട് സിസ്റ്റം തയാറാക്കുന്നു.
അതോറിറ്റിക്ക് റിപ്പോർട്ട് നല്കൽ: വിവരങ്ങൾ ഡിജിറ്റലായി മാൻപവർ അതോറിറ്റിക്ക് (PAM) തത്സമയം കൈമാറുന്നു.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ശമ്പള കുടിശ്ശികകൾ തടയുന്നതിനുമാണ് ഈ ഡിജിറ്റൽ ഏകോപനം വഴി അതോറിറ്റി ലക്ഷ്യമിടുന്നത്. ശമ്പള വിതരണത്തിലെ കൃത്യത തത്സമയം നിരീക്ഷിക്കാൻ അതോറിറ്റിക്ക് സാധിക്കും. ബാങ്കുകൾ തമ്മിലുള്ള പേപ്പർ വർക്കുകളും മാനുവൽ നടപടികളും പൂർണ്ണമായും ഒഴിവാക്കി. രജിസ്റ്റർ ചെയ്ത അർഹരായ തൊഴിലാളികൾക്ക് തന്നെയാണോ ശമ്പളം ലഭിക്കുന്നത് എന്ന് ഉറപ്പാക്കാൻ ഈ ഇലക്ട്രോണിക് സംവിധാനം സഹായിക്കും.