ദുബായ്: ഡ്രൈവർരഹിത ടാക്സികളുടെ പരീക്ഷണ ഓട്ടങ്ങളുടെ ഭാഗമായി ദുബായിലെ പ്രധാന റോഡിലും ടണലിലും താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഒക്ടോബർ 26 മുതൽ 31 വരെ രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാകുക. യാത്രക്കാർ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്നും, ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ റോഡുകളിലെ ദിശാസൂചകങ്ങൾ കൃത്യമായി പാലിക്കണമെന്നും ആർടിഎ അഭ്യർത്ഥിച്ചു.
പ്രധാന റോഡ് അടച്ചിടലുകളും സമയക്രമവും
എമിറേറ്റ്സ് റോഡ് (E611): അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് എതിർവശത്തുള്ള എമിറേറ്റ്സ് റോഡിലെ (E611) മൂന്ന് ലെയ്നുകൾ പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി അടച്ചിടും.
അൽ മക്തൂം എയർപോർട്ട് ടണൽ: അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് ടണൽ ഇരുവശങ്ങളിലേക്കും പൂർണ്ണമായി അടച്ചിടുന്നതായിരിക്കും.
യുഎഇയിൽ അടുത്ത വർഷത്തോടെ പതിനായിരത്തിലധികം ഡ്രൈവർരഹിത ടാക്സികളും ഡെലിവറി വാനുകളും നിരത്തിലിറക്കാനുള്ള ബൃഹത്തായ പദ്ധതിയുടെ ഭാഗമായാണ് നിലവിലെ നടപടികൾ. നിലവിൽ അബുദാബിയിലെ യാസ് ഐലന്റിലും ദുബായിലെ ഉമ്മു സുഖീം, ജുമൈറ തുടങ്ങിയ മേഖലകളിലും കൊമേഴ്സ്യൽ ഡ്രൈവർരഹിത ടാക്സി സേവനങ്ങൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റ്-വടക്കേ ആഫ്രിക്കൻ മേഖലയിൽ പൂർണ്ണമായും ഡ്രൈവർരഹിതമായ ലെവൽ-4 വാഹനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ആദ്യമായി നിരത്തിലിറക്കിയ നഗരമെന്ന ഖ്യാതി അബുദാബി ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.