
സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് തുക കുറയ്ക്കുന്നതിന് തൊഴിലുടമകൾക്ക് അപേക്ഷ സമർപ്പിക്കാവുന്ന 13 സാഹചര്യങ്ങൾ നിർണയിച്ച് കുവൈത്ത് അധികൃതർ. ശമ്പളമില്ലാത്ത അവധി, അസുഖാവധി, ശിശുപരിചരണ അവധി, ഭാഗിക ശമ്പളത്തോടെയുള്ള അവധി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യുക, അനുമതിയില്ലാതെ ജോലിയിൽനിന്ന് വിട്ടുനിൽക്കുക, ഹാജരാകാതിരിക്കുക, ജോലി ചെയ്യാൻ വിസമ്മതിക്കുക തുടങ്ങിയ സാഹചര്യങ്ങളിലും ശമ്പളം കുറയ്ക്കുന്നതിനായി അപേക്ഷ നൽകാം. എന്നാൽ, ശമ്പളത്തിൽ കുറവ് വരുത്തുന്നതിന് നിയമപരമായ കാരണങ്ങൾ തെളിയിക്കുന്ന രേഖകൾ തൊഴിലുടമകൾ നിർബന്ധമായും സമർപ്പിക്കണം. ജീവനക്കാരന്റെ മൊത്തം ശമ്പളത്തിന്റെ പരമാവധി 25 ശതമാനം മാത്രമേ പ്രതിമാസം കുറയ്ക്കാൻ അനുവദിക്കൂ. നിയമാനുസൃതമായ കാരണങ്ങളും അവയെ പിന്തുണയ്ക്കുന്ന രേഖകളും ഹാജരാക്കാതെ ശമ്പളം വെട്ടിക്കുറയ്ക്കാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
1,00,252 കമ്പനി ഫയലുകൾ; 8,800 എണ്ണത്തിന് വിലക്ക്
കുവൈത്തിൽ ആകെ 1,00,252 സ്വകാര്യ കമ്പനി ഫയലുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 51.7 ശതമാനവും അഞ്ചിൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളുടേതാണ്. ഇത്തരത്തിലുള്ള 51,844 കമ്പനി ഫയലുകളുണ്ട്.
അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ ഫയലുകൾ ഏകദേശം 48,400 ആണ്. ഇവയിൽ 39,500 ഫയലുകൾ നിയമപരമായ നിബന്ധനകൾ പാലിക്കുന്നവയാണ്. ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഏകദേശം 8,800 കമ്പനി ഫയലുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഒരു ജീവനക്കാരന് പോലും ശമ്പളം നൽകിയില്ലെങ്കിൽ ഫയൽ മരവിപ്പിക്കും
കമ്പനിയുടെ ഫയലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ജീവനക്കാരിൽ ഒരാൾക്കുപോലും പ്രതിമാസ ശമ്പളം ലഭിച്ചിട്ടില്ലെങ്കിൽ സ്ഥാപനത്തിന്റെ ഫയൽ സ്വമേധയാ മരവിപ്പിക്കപ്പെടും. ശമ്പളം നൽകാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് നിയമപരമായ നടപടികൾ പൂർത്തിയാക്കുന്നതുവരെ ഈ നിയന്ത്രണം തുടരും. ശമ്പളം നൽകാൻ കഴിയാതിരുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കുന്ന ആവശ്യമായ രേഖകൾ കമ്പനികൾ സമർപ്പിക്കണം. ശമ്പളം നൽകേണ്ട മാസത്തിന് തൊട്ടുപിന്നാലെയുള്ള മാസത്തിലെ ഏഴാം തീയതിക്കകം രേഖകൾ ഹാജരാക്കണമെന്നും അധികൃതർ നിർദേശിച്ചു.
കുവൈത്തിലെ സ്വകാര്യ സ്ഥാപനങ്ങൾ തൊഴിൽ നിയമങ്ങളും ശമ്പളവിതരണവുമായി ബന്ധപ്പെട്ട ചട്ടങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ.