സൗദിയിൽ നടുക്കം, ഭീതി: ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സൗദി അറേബ്യയിലെ ദമാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിനും അരാംകോയുടെ ഷൈബ എണ്ണപ്പാടത്തിനും നേരെയുണ്ടായ മിസൈൽ–ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് പ്രവാസികൾ കൊല്ലപ്പെട്ടു. ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ പത്തുപേർക്കാണ് പരുക്കേറ്റത്. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയുമായാണ് ആക്രമണങ്ങൾ ഉണ്ടായത്.

ദമാം വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനും സൗദി പൗരനും കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരുക്കേറ്റു. വിമാനത്താവളത്തിലെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും നാശനഷ്ടങ്ങളുടെ വ്യാപ്തി അധികൃതർ പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സുരക്ഷാ നടപടികൾ ശക്തമാക്കിയെങ്കിലും വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.

അതേസമയം, സൗദി അരാംകോയുടെ ഷൈബ എണ്ണപ്പാടത്തെ ലക്ഷ്യമിട്ട് എത്തിയ ഡ്രോണിനെ സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞു. ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് എണ്ണപ്പാടത്തിന് പുറത്തുനിർത്തിയിരുന്ന കരാർ കമ്പനിയുടെ വാഹനത്തിന് തീപിടിക്കുകയായിരുന്നു. അപകടത്തിൽ ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളായ രണ്ടുപേർ മരിച്ചു. ഒരു ഇന്ത്യക്കാരനും പാക്കിസ്ഥാൻ സ്വദേശിക്കും പരുക്കേറ്റു. സംഭവത്തെ തുടർന്ന് എണ്ണപ്പാടത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചത്.

ആക്രമണങ്ങളിൽ പരുക്കേറ്റ ഇന്ത്യക്കാർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുന്നതിനായി റിയാദിലെ ഇന്ത്യൻ എംബസി സൗദി അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. സൗദിയിലെ സിവിലിയൻ കേന്ദ്രങ്ങൾക്കും നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

സൗദിയിലെ വിമാനത്താവളങ്ങൾക്കും ഊർജകേന്ദ്രങ്ങൾക്കും നേരെ തുടർച്ചയായി ആക്രമണശ്രമങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക അധികൃതരുടെ സുരക്ഷാ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *