പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ പെർഫ്യൂം വിൽപ്പന; കുവൈത്തിൽ രണ്ട് പ്രവാസികൾ പിടിയിൽ

അന്താരാഷ്ട്ര പ്രശസ്തമായ ബ്രാൻഡുകളുടെ പേരിൽ വ്യാജ സുഗന്ധദ്രവ്യങ്ങൾ നിർമിച്ച് ഒറിജിനലെന്ന വ്യാജേന വിൽപ്പന നടത്തിയ രണ്ട് ബംഗ്ലാദേശ് സ്വദേശികളെ കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. വാണിജ്യ തട്ടിപ്പുകൾ തടയുന്നതിനും ബ്രാൻഡുകളുടെ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിനുമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. പ്രമുഖ ബ്രാൻഡുകളുടെ യഥാർഥ പെർഫ്യൂം കുപ്പികൾ ശേഖരിച്ച് അവയിൽ വിലകുറഞ്ഞ പെർഫ്യൂം ഓയിലുകളും മറ്റ് ചേരുവകളും നിറയ്ക്കുകയായിരുന്നു പ്രതികളുടെ രീതി. പിന്നീട് കുപ്പികൾ വീണ്ടും പാക്ക് ചെയ്ത് ഒറിജിനൽ ഉൽപ്പന്നങ്ങളെന്ന വ്യാജേന വിപണിയിൽ വിൽക്കുകയായിരുന്നു.

150 ദിർഹത്തിന്റെ പെർഫ്യൂം വെറും 17 ദിർഹത്തിന്!

അൽ-മുൻഖാഫ് മേഖലയിൽ നടത്തിയ രഹസ്യ പരിശോധനയ്ക്കിടെയാണ് ആദ്യ പ്രതി പിടിയിലായത്. വിപണിയിൽ ഏകദേശം 150 കുവൈത്ത് ദീനാർ വിലവരുന്ന മൂന്ന് പെർഫ്യൂം ബോട്ടിലുകൾ വെറും 17 ദീനാറിന് വിൽക്കാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തതോടെയാണ് അധികൃതർക്ക് സംശയം തോന്നിയത്.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇയാൾക്കെതിരെ ജോലിസ്ഥലത്തുനിന്ന് ഒളിച്ചോടിയതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പരാതിയുള്ളതായും കണ്ടെത്തി. വ്യാജ പെർഫ്യൂം നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് പ്രതികൾക്ക് പ്രതിമാസം ശമ്പളം ലഭിച്ചിരുന്നതായും ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി അധികൃതർ അറിയിച്ചു. ആദ്യ പ്രതിയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യാജ സുഗന്ധദ്രവ്യങ്ങൾ നിർമിക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്ന കടയും അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. ഉപഭോക്താക്കളെ കബളിപ്പിച്ച് വ്യാജ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *