കളിത്തോക്കും പെട്രോൾ കുപ്പിയും കാട്ടി കവർച്ച; കുവൈത്തിൽ പ്രവാസിക്ക് കഠിന തടവ്!

കുവൈത്തിലെ ഷുവൈഖിൽ മണി എക്സ്ചേഞ്ച് സ്ഥാപനം കൊള്ളയടിച്ച് വിവിധ രാജ്യങ്ങളുടെ കറൻസികൾ കവർന്ന കേസിൽ ഫിലിപ്പീൻസ് പൗരന് അഞ്ച് വർഷം കഠിനതടവ്. കുവൈത്ത് ക്രിമിനൽ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

ജഡ്ജ് ഖാലിദ് റഷാദ് അധ്യക്ഷനായ ബെഞ്ചിൽ ജഡ്ജിമാരായ അബ്ദുൽ അസീസ് അൽ മുഅദാദിയും അബ്ദുൽ ഹാദി അൽ ഹജ്രിയും ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. കവർച്ച സംബന്ധിച്ച പരാതി ലഭിച്ചതിനു പിന്നാലെ സുരക്ഷാ വിഭാഗങ്ങൾ അന്വേഷണം ആരംഭിച്ചു. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിയെ പിടികൂടാനായി.

സ്ഥാപനത്തിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതിനായി കളിത്തോക്കും പെട്രോൾ നിറച്ച കുപ്പിയും ഉപയോഗിച്ചാണ് പ്രതി കവർച്ച നടത്തിയത്. കുവൈത്തി ദിനാർ, ഈജിപ്ഷ്യൻ പൗണ്ട്, ഫിലിപ്പീൻസ് പെസോ, സൗദി റിയാൽ, ടർക്കിഷ് ലിറ, യുഎസ് ഡോളർ തുടങ്ങി വിവിധ രാജ്യങ്ങളുടെ കറൻസികളാണ് ഇയാൾ മോഷ്ടിച്ചത്. ഇവയുടെ ആകെ മൂല്യം 7,434 കുവൈത്തി ദിനാറോളം വരും. ഇന്ത്യൻ രൂപയിൽ ഇത് 20 ലക്ഷത്തിലധികം വരും.

കേസിൽ വിശദമായ വിചാരണ പൂർത്തിയാക്കിയ ശേഷമാണ് കോടതി അഞ്ച് വർഷത്തെ കഠിനതടവ് വിധിച്ചത്. കവർച്ച ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *