ഭീകരവാദ ചിന്തകൾ മറച്ചുവച്ചു, കൈയിൽ ‘നല്ല നടപ്പ് സർട്ടിഫിക്കറ്റും’! ഫ്ലൈദുബായ് സഹപൈലറ്റിന്റെ ലക്ഷ്യം 9/11 മാതൃകയിലുള്ള ആക്രമണം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് യാത്രാവിമാനം റാഞ്ചി ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലെ ടെർമിനലിൽ ഇടിച്ചിറക്കി ചാവേർ ആക്രമണം നടത്താനായിരുന്നു സഹപൈലറ്റിന്റെ പദ്ധതിയെന്ന് യുഎഇ അറ്റോർണി ജനറൽ. സെപ്റ്റംബർ 30ന് നടന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ, 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു പദ്ധതിയെന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പരമാവധി ആളപായം വരുത്തുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ വിമാനത്തിനുള്ളിൽ നടന്ന സംഭവങ്ങളുടെ കൂടുതൽ വിവരങ്ങളാണ് പുറത്തായത്. ഫ്ലൈദുബായ് എഫ്‌സെഡ് 1073 വിമാനത്തിലെ ഒമാൻ സ്വദേശിയായ 29കാരൻ സഹപൈലറ്റ് കോക്പിറ്റിൽ വെച്ച് ഇന്ത്യൻ പൈലറ്റായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അടിയന്തരാവശ്യങ്ങൾക്കുള്ള കോടാലി ഉപയോഗിച്ച് ആക്രമിച്ചെന്നാണ് അന്വേഷണ കണ്ടെത്തൽ. ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റനെ മറികടന്ന് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനായിരുന്നു ശ്രമമെന്നാണ് അധികൃതരുടെ വിശദീകരണം.

പദ്ധതി നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി സഹപൈലറ്റ് ഇതിന് മുമ്പ് രണ്ട് തവണ ടെൽ അവീവിലേക്ക് പറന്നിരുന്നുവെന്നും വിമാനപാതയും വിമാനത്താവളവും പരിചയപ്പെടുകയായിരുന്നു ലക്ഷ്യമെന്നും അന്വേഷണത്തിൽ കണ്ടെത്തി. മൂന്നാമത്തെ യാത്രയ്ക്കിടെയാണ് ആക്രമണശ്രമം നടന്നത്.
നിയമപരിശോധനകൾ പൂർത്തിയാക്കിയിട്ടും തീവ്രവാദ ബന്ധം കണ്ടെത്തിയില്ല സഹപൈലറ്റിന്റെ പശ്ചാത്തലവും തൊഴിൽചരിത്രവും പരിശോധിച്ച അന്വേഷണസംഘം, 2017ൽ ഓസ്ട്രേലിയയിൽ പഠിക്കുന്ന കാലത്താണ് ഇയാൾ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കപ്പെട്ടതെന്ന നിഗമനത്തിലെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സാഹിത്യങ്ങളും ഓൺലൈൻ ഉള്ളടക്കങ്ങളും ഇയാൾ പിന്തുടർന്നിരുന്നുവെന്നും മൊഴിയിൽ വെളിപ്പെടുത്തിയതായാണ് വിവരം. ആക്രമണത്തിനായി മാനസികമായും ശാരീരികമായും തയ്യാറെടുത്തിരുന്നുവെന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.

2020 മുതൽ 2024 വരെ ഒമാൻ എയറിൽ ജോലി ചെയ്ത ഇയാൾ, 2025ൽ റോയൽ എയർ മൊറോക്കോയുമായി ബന്ധപ്പെട്ട പരിശീലനത്തിന് ശേഷം 2026 ജനുവരിയിലാണ് ഫ്ലൈദുബായിൽ ചേർന്നത്. പൈലറ്റ് ലൈസൻസ്, നല്ല നടപ്പ് സർട്ടിഫിക്കറ്റ്, ആവശ്യമായ സുരക്ഷാ പരിശോധനകൾ എന്നിവ നിയമനസമയത്ത് പൂർത്തിയാക്കിയിരുന്നുവെന്നും എന്നാൽ തീവ്രവാദ ചിന്തകളോ ആക്രമണപദ്ധതിയോ കണ്ടെത്താൻ പരിശോധനകൾക്ക് കഴിഞ്ഞില്ലെന്നും യുഎഇ അറ്റോർണി ജനറൽ അറിയിച്ചു. കോക്പിറ്റിൽ ആക്രമണം നടന്നതോടെ വിമാനം വലിയ ഉയരവ്യത്യാസത്തോടെ താഴേക്ക് പതിച്ചതായും റിപ്പോർട്ടുകളുണ്ട്. ക്യാപ്റ്റനും മറ്റ് പൈലറ്റുമാരും ജീവനക്കാരും യാത്രക്കാരും ചേർന്ന് സഹപൈലറ്റിനെ കീഴടക്കിയതോടെയാണ് വലിയ ദുരന്തം ഒഴിവായത്. തുടർന്ന് വിമാനം വഴിതിരിച്ചുവിട്ട് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. സംഭവത്തിൽ ഫ്ലൈദുബായിയുടെ നിയമന നടപടികളിൽ വീഴ്ചയുണ്ടായതായി അന്വേഷണ റിപ്പോർട്ട് കണ്ടെത്തിയിട്ടില്ല. അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ, സാങ്കേതിക തെളിവുകൾ, മറ്റ് സാധ്യതയുള്ള ബന്ധങ്ങൾ എന്നിവ സംബന്ധിച്ച അന്വേഷണം തുടരുകയാണ്. വിമാനത്തിനുള്ളിൽ നടന്ന സംഭവത്തിന്റെ മുഴുവൻ സാഹചര്യങ്ങളും സ്ഥിരീകരിക്കുന്നതിനുള്ള നടപടികളും അധികൃതർ തുടരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *