
ജനങ്ങളുടെ ആരോഗ്യവും പോഷകാഹാര നിലവാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഭക്ഷ്യ ഉൽപന്നങ്ങളിലെ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവിന് പുതിയ പരിധികൾ ഏർപ്പെടുത്തി യുഎഇ. നിയന്ത്രണങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പ് മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ചുമത്തുന്നതിനും വ്യവസ്ഥയുണ്ട്. ബ്രെഡ്, മധുരം ചേർത്ത പാൽ പാനീയങ്ങൾ, ഫ്ലേവേർഡ് തൈര്, ലബാൻ, ഉപ്പിട്ട സ്നാക്കുകൾ, പ്രോസസ്സ് ചെയ്ത ചീസ് തുടങ്ങിയ ഭക്ഷ്യവിഭവങ്ങളിലാണ് പ്രധാനമായും പുതിയ മാനദണ്ഡങ്ങൾ ബാധകമാകുന്നത്.
100 ഗ്രാം ബ്രെഡിലെ സോഡിയത്തിന്റെ അളവ് ഘട്ടംഘട്ടമായി 370 മില്ലിഗ്രാമായി കുറയ്ക്കും. ഇതോടൊപ്പം പഞ്ചസാര 5 ഗ്രാമിലും കൊഴുപ്പ് 7 ഗ്രാമിലും പരിമിതപ്പെടുത്താനാണ് ലക്ഷ്യം. മധുരമുള്ള പാൽ പാനീയങ്ങളിലെ പഞ്ചസാരയുടെ അളവും പരമാവധി 8 ഗ്രാമായി നിശ്ചയിച്ചിട്ടുണ്ട്. ഉപ്പിട്ട ചിപ്സ്, പ്രിറ്റ്സൽ, പ്രോസസ്സ് ചെയ്ത ചീസ് തുടങ്ങിയ ഉൽപന്നങ്ങളിലും സോഡിയത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കേണ്ടിവരും. യുഎഇയിൽ പ്രാദേശികമായി നിർമിക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനുമുള്ള ഭക്ഷ്യ ഉൽപന്നങ്ങൾക്കും ഫ്രീസോൺ കമ്പനികൾക്കും പുതിയ നിയന്ത്രണങ്ങൾ ബാധകമാണ്. മറ്റ് രാജ്യങ്ങളിലേക്ക് നേരിട്ട് പുനർകയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പുതിയ മാനദണ്ഡങ്ങളിലേക്ക് മാറാൻ സ്ഥാപനങ്ങൾക്ക് ഘട്ടംഘട്ടമായി സമയം അനുവദിച്ചിട്ടുണ്ട്. ബ്രെഡ്, പാനീയങ്ങൾ, സ്നാക്കുകൾ എന്നിവ നിർമിക്കുന്ന കമ്പനികൾക്ക് ആദ്യ ഘട്ട മാറ്റങ്ങൾ നടപ്പാക്കാൻ ഒൻപത് മാസം സമയം ലഭിക്കും. പ്രോസസ്സ് ചെയ്ത ചീസ് നിർമാതാക്കൾക്ക് രണ്ട് വർഷവും മൂന്ന് മാസവും അനുവദിച്ചിട്ടുണ്ട്. 2030 ഡിസംബർ 31നകം എല്ലാ സ്ഥാപനങ്ങളും അന്തിമ മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് നിർദേശം. ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഫെഡറൽ, പ്രാദേശിക ആരോഗ്യ ഏജൻസികൾ പരിശോധന ശക്തമാക്കും. നിയമലംഘനം കണ്ടെത്തിയാൽ പിഴയ്ക്ക് പുറമെ സ്ഥാപനങ്ങൾ ആറുമാസം വരെ അടച്ചുപൂട്ടാനും ലൈസൻസ് റദ്ദാക്കാനും നടപടിയുണ്ടാകാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t