വാട്സ്ആപ്പിൽ കസ്റ്റമറോട് ചാറ്റ് ചെയ്യുന്നതിനും ഇനി പണം! സൗജന്യ 1,000 മെസേജുകൾ കഴിഞ്ഞാൽ ഓരോ മെസേജിനും ഇത്ര പൈസ; ബിസിനസ് അക്കൗണ്ടുകൾക്ക് മെറ്റയുടെ പുതിയ ‘ചാർജ്’!

വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് നൽകിയിരുന്ന സൗജന്യ സന്ദേശ ആനുകൂല്യങ്ങളിൽ മാറ്റം വരുത്തി മെറ്റ. ഒക്ടോബർ 1 മുതൽ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ പുതിയ നിരക്ക് ഘടനയാണ് നിലവിൽ വന്നത്. സൗജന്യ പരിധി പിന്നിട്ടാൽ ബിസിനസുകൾ ഓരോ സന്ദേശത്തിനും അധിക തുക നൽകേണ്ടിവരും. ഇന്ത്യയിൽ ഒരു വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടിലെ ഓരോ ഫോൺ നമ്പറിനും പ്രതിമാസം 1,000 സർവീസ് സന്ദേശങ്ങൾ വരെ സൗജന്യമായി അയയ്ക്കാം. ഇതിന് ശേഷമുള്ള ഓരോ സർവീസ് സന്ദേശത്തിനും 11.5 പൈസ വീതം ഈടാക്കും.

ഉപഭോക്താവ് ആദ്യം സന്ദേശമയയ്ക്കുന്നതോടെ ആരംഭിക്കുന്ന 24 മണിക്കൂർ കസ്റ്റമർ സർവീസ് വിൻഡോയിൽ ബിസിനസുകൾ നൽകുന്ന മറുപടികളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഓർഡർ ചെയ്ത ഉൽപ്പന്നത്തിന്റെ ഷിപ്പിങ് വിവരങ്ങൾ, അക്കൗണ്ട് സംബന്ധമായ അറിയിപ്പുകൾ തുടങ്ങിയ യൂട്ടിലിറ്റി സന്ദേശങ്ങൾക്കും, ഓതെന്റിക്കേഷൻ സന്ദേശങ്ങൾക്കും ഓരോ സന്ദേശത്തിനും 11.5 പൈസ വീതം നിരക്ക് ബാധകമാണ്. അതേസമയം, മാർക്കറ്റിങ് സന്ദേശങ്ങളുടെ നിരക്കിൽ മാറ്റമില്ല. ഇത്തരം സന്ദേശങ്ങൾക്ക് നിലവിലെ നിരക്കായ 86.31 പൈസ തന്നെയാണ് തുടർന്നും നൽകേണ്ടത്.

പുതിയ നിരക്ക് ഘടന വാട്സ്ആപ്പ് വഴി ഉപഭോക്തൃ സേവനവും ഓർഡർ ട്രാക്കിങ്ങും നടത്തുന്ന ചെറുകിട സ്ഥാപനങ്ങൾക്കും ഇ-കൊമേഴ്‌സ് സംരംഭങ്ങൾക്കും അധിക സാമ്പത്തിക ബാധ്യത സൃഷ്ടിച്ചേക്കും. പ്രത്യേകിച്ച് പ്രതിമാസം ആയിരത്തിലധികം ഉപഭോക്തൃ അന്വേഷണങ്ങൾ കൈകാര്യം ചെയ്യുന്ന ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനങ്ങൾ, ഹൈപ്പർലോക്കൽ ഡെലിവറി സേവനങ്ങൾ, ഓൺലൈൻ കോച്ചിങ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇനി വാട്സ്ആപ്പ് സേവനങ്ങൾക്കായി അധിക തുക മാറ്റിവയ്ക്കേണ്ടിവരും. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, സ്വന്തം വെബ്സൈറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വാട്സ്ആപ്പിലേക്ക് ഉപഭോക്താക്കളെ എത്തിച്ച് സപ്പോർട്ടും ഓർഡർ സേവനങ്ങളും നൽകുന്ന ഡിജിറ്റൽ ബിസിനസുകൾക്കും പുതിയ മാറ്റം നേരിട്ട് ബാധിക്കാനിടയുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *