യുഎഇയിലേക്ക് വീണ്ടും വീണ്ടും വരാം; 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് അപേക്ഷിക്കാം, അറിയേണ്ടതെല്ലാം

ദുബൈയിൽ പതിവായി എത്തുന്ന വിനോദസഞ്ചാരികൾക്കും ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും കുടുംബാംഗങ്ങളെ സന്ദർശിക്കുന്നവർക്കുമായി അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ ലഭ്യമാണ്. പ്രാദേശിക സ്പോൺസറുടെയോ ഹോസ്റ്റിന്റെയോ ആവശ്യമില്ലാതെ, യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഏത് രാജ്യക്കാരനും ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) വഴി ഈ വിസയ്ക്ക് അപേക്ഷിക്കാം.

90 ദിവസം വരെ ഓരോ സന്ദർശനത്തിലും

അഞ്ച് വർഷമാണ് വിസയുടെ കാലാവധി. ഈ കാലയളവിൽ നിരവധി തവണ യുഎഇയിൽ പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യാം. ഓരോ സന്ദർശനത്തിലും പരമാവധി 90 ദിവസം വരെ രാജ്യത്ത് തങ്ങാം. ആവശ്യാനുസരണം ഇത് 90 ദിവസം കൂടി നീട്ടാനും സാധിക്കും.എന്നാൽ ഒരു കലണ്ടർ വർഷത്തിൽ യുഎഇയിൽ തങ്ങുന്ന ആകെ കാലയളവ് 180 ദിവസത്തിൽ കവിയാൻ പാടില്ല. വിസ ലഭിച്ച ശേഷം രണ്ട് മാസത്തിനുള്ളിൽ ആദ്യ പ്രവേശനം നടത്തണമെന്നും നിബന്ധനയുണ്ട്.

ആവശ്യമായ രേഖകൾ

അപേക്ഷയ്ക്കായി കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട്, ഫോട്ടോ, സാധുവായ ആരോഗ്യ ഇൻഷുറൻസ്, മടക്കയാത്ര ഉൾപ്പെടെയുള്ള ടിക്കറ്റ് എന്നിവ ആവശ്യമാണ്.കൂടാതെ അപേക്ഷിക്കുന്നതിന് മുൻപുള്ള ആറ് മാസത്തെ സാക്ഷ്യപ്പെടുത്തിയ ബാങ്ക് സ്റ്റേറ്റ്‌മെന്റും സമർപ്പിക്കണം. ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് 4,000 യുഎസ് ഡോളർ (ഏകദേശം 14,690 ദിർഹം) അല്ലെങ്കിൽ തത്തുല്യമായ തുക ഉണ്ടായിരിക്കണം.

ആകെ ചെലവ് 3,713 ദിർഹം

വിസയ്ക്കുള്ള അപേക്ഷാ ഫീസ് 100 ദിർഹവും ഇഷ്യൂവൻസ് ഫീസ് 500 ദിർഹവുമാണ്. കൂടാതെ തിരികെ ലഭിക്കുന്ന 3,000 ദിർഹത്തിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റും വാറന്റി, സേവന, നോളജ്/ഇന്നൊവേഷൻ ഫീസായി 113 ദിർഹവും ഉൾപ്പെടെ ആകെ ചെലവ് 3,713 ദിർഹം വരും.യുഎഇയ്ക്കുള്ളിൽ നിന്ന് അപേക്ഷിക്കുന്നവർക്ക് വിസ സ്റ്റാറ്റസ് മാറ്റുന്നതിനുള്ള അധിക നിരക്കുകൾ ബാധകമായേക്കാം.

ഓൺലൈനായി അപേക്ഷിക്കാം

GDRFAയുടെ സ്മാർട്ട് സർവീസസിൽ അക്കൗണ്ട് സൃഷ്ടിച്ച് ‘New 5-Year Tourism Entry Permit’ തിരഞ്ഞെടുക്കുന്നതിലൂടെയാണ് അപേക്ഷ നടപടികൾ ആരംഭിക്കേണ്ടത്. വ്യക്തിഗത വിവരങ്ങളും യാത്രാ ലക്ഷ്യവും നൽകുന്നതിന് ശേഷം പാസ്‌പോർട്ട്, ഇൻഷുറൻസ്, ടിക്കറ്റ്, ബാങ്ക് സ്റ്റേറ്റ്‌മെന്റ് തുടങ്ങിയ രേഖകൾ അപ്‌ലോഡ് ചെയ്യണം. ഫീസ് ഓൺലൈനായി അടച്ച് അപേക്ഷ സമർപ്പിച്ച ശേഷം റഫറൻസ് നമ്പർ സൂക്ഷിക്കണം. അപേക്ഷ അംഗീകരിച്ചാൽ ഡിജിറ്റൽ വിസ ഇമെയിൽ, എസ്എംഎസ് എന്നിവ വഴി ലഭിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *