‘ബാക്ക് ടു സ്കൂൾ’; സ്ക്രീൻ പഠനത്തിന് നിയന്ത്രണം, ഹോംവർക്കില്ല;  പുതിയ അധ്യയനവർഷത്തിന് യുഎഇയിൽ നാളെ തുടക്കം

രണ്ടുമാസത്തെ വേനലവധിക്ക് ശേഷം യുഎഇയിലെ സ്കൂളുകൾ നാളെ വീണ്ടും സജീവമാകും. 2026–27 അധ്യയനവർഷത്തിന്റെ തുടക്കത്തിൽ രാജ്യത്തെ 1,180ലേറെ സർക്കാർ, സ്വകാര്യ സ്കൂളുകളിലായി 12.77 ലക്ഷത്തിലധികം വിദ്യാർഥികളാണ് ക്ലാസുകളിലേക്ക് മടങ്ങിയെത്തുന്നത്. ഏപ്രിലിൽ അധ്യയനവർഷം ആരംഭിച്ച ഇന്ത്യൻ സിലബസ് സ്കൂളുകളിൽ രണ്ടാം പാദ പഠനത്തിനാണ് വിദ്യാർഥികൾ എത്തുക. 

പുതിയ അധ്യയനവർഷത്തിൽ വിദ്യാഭ്യാസരംഗത്ത് നിരവധി മാറ്റങ്ങളാണ് നടപ്പാക്കുന്നത്. 11 പുതിയ സ്കൂളുകളും വിദ്യാഭ്യാസ സമുച്ചയങ്ങളും തുറന്നിട്ടുണ്ട്. സർക്കാർ സ്കൂളുകളിൽ 26,700 പുതിയ വിദ്യാർഥികൾ പ്രവേശനം നേടിയിട്ടുണ്ട്. വിദ്യാർഥികളുടെ യാത്രയ്ക്കായി 5,810 സ്കൂൾ ബസുകളും ഏകദേശം 80 ലക്ഷം പാഠപുസ്തകങ്ങളും സജ്ജമാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 

ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് ഹോംവർക്ക് ഇല്ല

കിന്റർഗാർട്ടൻ മുതൽ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഇനി ഹോംവർക്ക് നൽകില്ലെന്നതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. വീട്ടിലെ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനും വായനയ്ക്കും വിശ്രമത്തിനുമായി ഉപയോഗിക്കുകയാണ് ലക്ഷ്യം. ആറാം ക്ലാസ് മുതൽ ഇംഗ്ലിഷ്, അറബിക്, ശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങളിൽ സ്ക്രീൻ ഉപയോഗം കുറച്ച് പുസ്തകവും നോട്ട്ബുക്കും കേന്ദ്രീകരിച്ചുള്ള പഠനത്തിനും പ്രാധാന്യം നൽകും. ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പഠനരീതികൾ എന്നിവയിലും പുതിയ മാറ്റങ്ങൾ ഉണ്ടാകും. 

ആദ്യ ദിവസങ്ങളിൽ ഘട്ടംഘട്ടമായി പ്രവേശനം

സ്കൂൾ തുറക്കുന്ന ആദ്യ ദിവസത്തെ തിരക്ക് ഒഴിവാക്കാൻ പല സ്കൂളുകളും ഘട്ടംഘട്ടമായാണ് വിദ്യാർഥികളെ തിരിച്ചെത്തിക്കുന്നത്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 3 വരെ വിവിധ ക്ലാസുകളിലെ വിദ്യാർഥികൾക്ക് വ്യത്യസ്ത ദിവസങ്ങളിൽ പ്രവേശനം നൽകും. സെപ്റ്റംബർ 4 മുതൽ മുഴുവൻ വിദ്യാർഥികളും സാധാരണ സമയക്രമത്തിൽ ക്ലാസുകളിൽ പങ്കെടുക്കും. 

രക്ഷിതാക്കൾക്ക് ജോലി സമയത്തിലും ഇളവ്

കുട്ടികളെ സ്കൂളിലെത്തിക്കാനും തിരിച്ചുകൊണ്ടുവരാനും ഫെഡറൽ സർക്കാർ ജീവനക്കാരായ രക്ഷിതാക്കൾക്ക് ആദ്യദിവസം പരമാവധി മൂന്ന് മണിക്കൂർ വരെ ജോലി സമയം ക്രമീകരിക്കാൻ അനുമതിയുണ്ട്. നഴ്സറി, കിന്റർഗാർട്ടൻ കുട്ടികളുടെ രക്ഷിതാക്കൾക്ക് ആദ്യവാരത്തിലും സമാനമായ ഇളവ് ലഭിക്കും. 

റോഡുകളിലും തിരക്ക് കൂടും

സ്കൂൾ ബസുകളും രക്ഷിതാക്കളുടെ വാഹനങ്ങളും നിരത്തിലിറങ്ങുന്നതോടെ രാവിലെ ഗതാഗതത്തിരക്ക് വർധിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. സ്കൂൾ പരിസരങ്ങളിലും പ്രധാന റൂട്ടുകളിലും സുരക്ഷ ഉറപ്പാക്കാൻ അധിക പൊലീസ് പട്രോളിങ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 2026–27 അധ്യയനവർഷം 2027 ജൂലൈ രണ്ടിനാണ് അവസാനിക്കുക. ആദ്യ സെമസ്റ്ററിലെ മിഡ്‌ടേം അവധി ഒക്ടോബർ 12 മുതൽ 18 വരെയും ശൈത്യകാല അവധി ഡിസംബർ 14 മുതൽ ജനുവരി 3 വരെയുമാണ്. 

Related Posts

Leave a Reply

Your email address will not be published. Required fields are marked *