ആകാശത്ത് നിന്ന് ഇനി അതിവേഗ ഇന്റർനെറ്റ്! യുഎഇയിൽ സ്റ്റാർലിങ്ക് എത്തുന്നു! 

ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഉടൻ യുഎഇയിലും ലഭ്യമാകും. രാജ്യത്ത് സേവനം നൽകുന്നതിനായി പത്ത് വർഷത്തെ ലൈസൻസാണ് സ്റ്റാർലിങ്കിന് ലഭിച്ചത്. യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) വെള്ളിയാഴ്ചയാണ് കമ്പനിക്ക് ‘ജനറൽ സാറ്റലൈറ്റ് സർവീസസ് ലൈസൻസ്’ അനുവദിച്ചത്.

ഫൈബർ-ഓപ്റ്റിക് കണക്ഷനുകൾക്ക് പുറമെ അതിവേഗ ഉപഗ്രഹ ഇന്റർനെറ്റ് കൂടി ലഭ്യമാകുന്നതോടെ യുഎഇയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കൂടുതൽ ശക്തമാകും. വ്യക്തികൾ, ബിസിനസ് സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവയ്ക്ക് പുറമെ കപ്പലുകൾക്കും വിമാനങ്ങൾക്കും സ്റ്റാർലിങ്ക് വഴി അതിവേഗ ഇന്റർനെറ്റ് ലഭിക്കും. 2024ൽ കപ്പലുകൾക്ക് മാത്രമായി സ്റ്റാർലിങ്കിന് യുഎഇയിൽ അനുമതി നൽകിയിരുന്നു.

യുഎഇ നിവാസികൾക്ക് നിലവിൽ ഔദ്യോഗിക വെബ്‌സൈറ്റ് വഴി സ്റ്റാർലിങ്ക് സേവനം പ്രീ-ഓർഡർ ചെയ്യാം.

സ്റ്റാർലിങ്ക് യുഎഇയുടെ പ്രധാന വിവരങ്ങൾ:

  • മാസവാടക: 300 ദിർഹം — അൺലിമിറ്റഡ് ഡാറ്റ
  • ഹാർഡ്‌വെയർ വില: 1,465 ദിർഹം — റൂട്ടർ ഉൾപ്പെടെ
  • ഇന്റർനെറ്റ് വേഗത: 400 Mbps വരെ
  • ട്രയൽ കാലയളവ്: 30 ദിവസം
  • ബുക്കിങ് ഡിപ്പോസിറ്റ്: 300 ദിർഹം; പിന്നീട് ഹാർഡ്‌വെയർ കിറ്റിന്റെ വിലയിൽ നിന്ന് കുറയ്ക്കും

എങ്ങനെ ബുക്ക് ചെയ്യാം?

സ്റ്റാർലിങ്കിന്റെ യുഎഇ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ‘Get Started’ തിരഞ്ഞെടുക്കുക. തുടർന്ന് നിങ്ങളുടെ ലൊക്കേഷൻ നൽകി സേവനം ലഭ്യമാണോ എന്ന് പരിശോധിക്കാം. സേവനം ലഭ്യമാണെങ്കിൽ ‘Checkout’ പേജിൽ വ്യക്തിഗത വിവരങ്ങൾ, ഷിപ്പിംഗ് വിലാസം, പേയ്‌മെന്റ് വിവരങ്ങൾ എന്നിവ നൽകി ബുക്കിങ് പൂർത്തിയാക്കാം.

നിലവിൽ ഏകദേശം 286 ദിർഹം ഡിപ്പോസിറ്റ് നൽകി പ്രീ-ഓർഡർ ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്റ്റാർലിങ്കിന്റെ യുഎഇ പ്രവേശനം പ്രവാസികൾക്കും ബിസിനസ് മേഖലയ്ക്കും ഒരുപോലെ ഏറെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *