കുവൈത്തിൽ ഇനി ‘വിസ’ മാത്രം പോരാ… കഴിവും വേണം! റിക്രൂട്ട്മെന്റിൽ പുതിയ മാറ്റത്തിന് തുടക്കം

കുവൈത്തിലെ തൊഴിൽ വിപണി കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ക്രമീകരിക്കുന്നതിനുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ സൗദി ആസ്ഥാനമായ തകാമുൽ ഹോൾഡിംഗുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.

തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട അറിവും അനുഭവസമ്പത്തും കൈമാറുന്നതിനൊപ്പം തത്സമയ സാങ്കേതിക സഹകരണം ശക്തിപ്പെടുത്തുകയാണ് ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ഡിജിറ്റൽ സംവിധാനങ്ങളും കൃത്രിമബുദ്ധിയും ഉപയോഗിച്ച് വിദേശ തൊഴിലാളികളുടെ നൈപുണ്യ നിലവാരം വിലയിരുത്തുന്നതിനുള്ള പുതിയ പരീക്ഷാ ശൃംഖല കുവൈത്തിൽ നടപ്പാക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ജനറൽ റബാബ് അൽ ഒസൈമി അറിയിച്ചു.

കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് മുമ്പുതന്നെ തൊഴിലാളികളുടെ പ്രൊഫഷണൽ യോഗ്യതയും തൊഴിൽ നൈപുണ്യവും പരിശോധിക്കുന്ന കർശനമായ മാനദണ്ഡങ്ങൾ പുതിയ സംവിധാനത്തിലൂടെ ഉറപ്പാക്കും. കമ്പനികൾക്ക് ആവശ്യമായ കൃത്യമായ പ്രൊഫഷണൽ കഴിവുകളുള്ള തൊഴിലാളികളെ മാത്രം തിരഞ്ഞെടുക്കാനും ഇതുവഴി സാധിക്കും.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ നിർദേശപ്രകാരമാണ് ധാരണാപത്രം ഒപ്പുവെച്ചത്. ആവശ്യകതയില്ലാത്ത റിക്രൂട്ട്മെന്റുകൾ കുറയ്ക്കുന്നതിനൊപ്പം വിസ കച്ചവടവും റിക്രൂട്ട്മെന്റിലെ ക്രമക്കേടുകളും തടയാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

തൊഴിൽ വിപണിയുടെ യഥാർഥ ആവശ്യങ്ങൾക്ക് അനുസൃതമായി വിദേശ തൊഴിലാളികളുടെ നിയമനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ തൊഴിലുടമകൾക്ക് ആവശ്യമായ നൈപുണ്യമുള്ള തൊഴിലാളികളെ ലഭ്യമാക്കുന്നതിനും കുവൈത്തിലെ തൊഴിൽ വിപണിയിലെ അസന്തുലിതാവസ്ഥ കുറയ്ക്കുന്നതിനും സാധിക്കുമെന്നാണ് പ്രതീക്ഷ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *