കുവൈത്തിൽ പൗരത്വത്തിന് ഇനി കൂടുതൽ കാവൽ; പുതിയ നിയമഭേദഗതികൾ അറിയാം

കുവൈത്ത് പൗരത്വ നിയമങ്ങളിൽ കർശനമായ ഭേദഗതികൾ വരുത്തി. ദേശീയ വ്യക്തിത്വം സംരക്ഷിക്കുക, പൗരത്വവുമായി ബന്ധപ്പെട്ട അവകാശബോധം ശക്തിപ്പെടുത്തുക, പൗരത്വ കാര്യങ്ങളിൽ രാജ്യത്തിന്റെ പരമാധികാരം ഉറപ്പാക്കുക എന്നിവയാണ് ഭേദഗതികളുടെ പ്രധാന ലക്ഷ്യങ്ങളെന്ന് കുവൈത്ത് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഡിജിറ്റൽ പൗരത്വ സർട്ടിഫിക്കറ്റുകളും അവതരിപ്പിക്കും.

ഭേദഗതികളുമായി ബന്ധപ്പെട്ട വിശദീകരണ കുറിപ്പ് തിങ്കളാഴ്ച ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ-യൗമി’ൽ പ്രസിദ്ധീകരിച്ചു. പൗരത്വവുമായി ബന്ധപ്പെട്ട നിലവിലെ നടപടിക്രമങ്ങളിൽ മാറ്റം വരുത്തുന്നതിനും കുവൈത്ത് പൗരത്വം നൽകുന്നതും റദ്ദാക്കുന്നതും സംബന്ധിച്ച് കൂടുതൽ വ്യക്തമായ നിയമ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുമാണ് ഭേദഗതികളെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.

ഭേദഗതികളുടെ പ്രധാന നാല് ലക്ഷ്യങ്ങൾ

  • പൗരത്വ കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ കുവൈത്തിന്റെ പരമാധികാരം സംരക്ഷിക്കുക.
  • സ്വാഭാവികവൽക്കരണത്തിലൂടെ കുവൈത്ത് പൗരത്വം നേടിയവർക്ക് വോട്ട് ചെയ്യുന്നതും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും പാർലമെന്ററി സ്ഥാപനങ്ങളിൽ നിയമിക്കപ്പെടുന്നതും നിരോധിക്കുക.
  • പാർലമെന്ററി സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ജന്മനാ കുവൈത്ത് പൗരന്മാരായിരിക്കണമെന്ന ഭരണഘടനാ വ്യവസ്ഥ ഉറപ്പാക്കുക.
  • കുവൈത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിന്റെയും പേപ്പർരഹിത സർക്കാർ സേവനങ്ങളിലേക്കുള്ള നീക്കത്തിന്റെയും ഭാഗമായി ഇലക്ട്രോണിക് പൗരത്വ സർട്ടിഫിക്കറ്റുകൾ അവതരിപ്പിക്കുക.

ഭേദഗതി ചെയ്ത വ്യവസ്ഥകൾ പ്രകാരം, സ്വന്തം മകനോ സന്തതിയോ അല്ലാത്ത ഒരാളെ മനഃപൂർവം സ്വന്തം പൗരത്വ ഫയലിൽ ഉൾപ്പെടുത്തിയതായി തെളിഞ്ഞാൽ ബന്ധപ്പെട്ട വ്യക്തിയുടെ കുവൈത്ത് പൗരത്വം റദ്ദാക്കാൻ കഴിയും. ഇക്കാര്യം അറിഞ്ഞിട്ടും ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതെ വിവരം മറച്ചുവെച്ചതായി കണ്ടെത്തിയാൽ, അതേ വ്യവസ്ഥ അവരുടെ മക്കൾക്കും സന്തതികൾക്കും ബാധകമാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *