യുഎഇയിലെ സ്കൂളുകളിൽ പഠന ട്രാക്ക് മാറ്റത്തിന് കടുത്ത നിയന്ത്രണം; ഇനി 14 ദിവസത്തിനകം അപേക്ഷിക്കണം

അബുദബി: യുഎഇയിലെ സ്കൂളുകളിൽ വിദ്യാർഥികൾക്ക് പഠന ട്രാക്ക് മാറ്റുന്നതിനുള്ള മാനദണ്ഡങ്ങൾ കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ഗ്രേഡ്, അക്കാദമിക് പ്രകടനം, സയൻസ് വിഷയങ്ങളിലെ യോഗ്യത എന്നിവ പരിഗണിച്ചാണ് പുതിയ വ്യവസ്ഥകൾ. 2026–27 അധ്യയന വർഷം മുതലാണ് പുതിയ ചട്ടങ്ങൾ ബാധകമാകുന്നത്.

പുതിയ ചട്ടപ്രകാരം പഠന ട്രാക്ക് മാറ്റം അധ്യയന വർഷത്തിന്റെ തുടക്കത്തിൽ മാത്രമേ അനുവദിക്കൂ. സ്കൂൾ തുറന്ന് ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഇതിനുള്ള നടപടികൾ പൂർത്തിയാക്കണം. ഈ സമയപരിധി കഴിഞ്ഞാൽ ഒരു കാരണവശാലും ട്രാക്ക് മാറ്റത്തിന് അനുമതി നൽകില്ല. തീരുമാനമെടുക്കുന്നതിന് മുമ്പ് വിദ്യാർഥികൾക്ക് സ്കൂളിൽനിന്ന് ആവശ്യമായ അക്കാദമിക് മാർഗനിർദേശവും ലഭിക്കണം.

അഡ്വാൻസ്ഡ് ട്രാക്കിലേക്ക് മാറാൻ 80 ശതമാനം വേണം

ജനറൽ ട്രാക്കിൽനിന്ന് അഡ്വാൻസ്ഡ് ട്രാക്കിലേക്ക് മാറുന്നതിനും കർശന നിബന്ധനകളുണ്ട്. ഗ്രേഡ് 8 ജനറൽ ട്രാക്കിൽ പഠിക്കുന്നവർക്ക് ഗ്രേഡ് 9 അഡ്വാൻസ്ഡ് ട്രാക്കിലേക്കും ഗ്രേഡ് 9 ജനറൽ ട്രാക്കിലുള്ളവർക്ക് ഗ്രേഡ് 10 അഡ്വാൻസ്ഡ് ട്രാക്കിലേക്കും മാറണമെങ്കിൽ മുൻ അധ്യയന വർഷത്തിന്റെ അവസാനത്തിൽ ഇംഗ്ലിഷ്, ഗണിതം, സയൻസ് വിഷയങ്ങളിൽ കുറഞ്ഞത് 80 ശതമാനം മാർക്ക് നേടിയിരിക്കണം.

അതേസമയം, ഗ്രേഡ് 10 ജനറൽ ട്രാക്കിലുള്ളവർക്ക് ഗ്രേഡ് 11 അഡ്വാൻസ്ഡ് ട്രാക്കിലേക്കും ഗ്രേഡ് 11 ജനറൽ ട്രാക്കിലുള്ളവർക്ക് ഗ്രേഡ് 12 അഡ്വാൻസ്ഡ് ട്രാക്കിലേക്കും മാറാൻ കഴിയില്ല. ഉയർന്ന ക്ലാസുകളിലേക്ക് ആവശ്യമായ ശാസ്ത്രവിഷയങ്ങളിലെ പഠനാവശ്യകതകൾ പൂർത്തിയാക്കിയിട്ടില്ലെന്നതാണ് ഇതിന് കാരണം.

അഡ്വാൻസ്ഡിൽനിന്ന് ജനറലിലേക്ക് മാറാം

അഡ്വാൻസ്ഡ് ട്രാക്കിൽ ഒരു അധ്യയന വർഷം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ജനറൽ ട്രാക്കിലേക്ക് മാറാൻ അവസരമുണ്ട്. ഇതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കണം.

ഗ്രേഡ് 8 അഡ്വാൻസ്ഡിൽനിന്ന് ഗ്രേഡ് 9 ജനറലിലേക്കും, ഗ്രേഡ് 9ൽനിന്ന് ഗ്രേഡ് 10 ജനറലിലേക്കും, ഗ്രേഡ് 10ൽനിന്ന് ഗ്രേഡ് 11 ജനറലിലേക്കും, ഗ്രേഡ് 11ൽനിന്ന് ഗ്രേഡ് 12 ജനറൽ ട്രാക്കിലേക്കും മാറാൻ സാധിക്കും.

അഡ്വാൻസ്ഡ് ട്രാക്കിൽ തോറ്റാൽ?

അഡ്വാൻസ്ഡ് ട്രാക്കിൽ പരാജയപ്പെടുന്ന വിദ്യാർഥികളെ സാധാരണയായി ജനറൽ ട്രാക്കിലേക്ക് മാറ്റും. എന്നാൽ പ്രത്യേക വ്യവസ്ഥകളോടെ അഡ്വാൻസ്ഡ് ട്രാക്കിൽ തന്നെ തുടരാൻ അപേക്ഷിക്കാം.

ഇതിനായി വിദ്യാർഥിയും രക്ഷിതാവും ചേർന്നുള്ള സത്യവാങ്മൂലം ഉൾപ്പെടുന്ന ഔദ്യോഗിക അപേക്ഷ നൽകണം. തുടർന്നുള്ള എല്ലാ ടേമുകളിലും വിജയിക്കുമെന്ന് ഇതിൽ ഉറപ്പുനൽകണം. അപേക്ഷ നൽകിയ ശേഷം ഒന്നാം ടേമിലും പരാജയപ്പെട്ടാൽ രണ്ടാം ടേമിന്റെ തുടക്കത്തിൽ തന്നെ വിദ്യാർഥിയെ നിർബന്ധമായും ജനറൽ ട്രാക്കിലേക്ക് മാറ്റും.

അപ്ലൈഡ് ട്രാക്കിലുള്ളവർക്കും നിയന്ത്രണം

അപ്ലൈഡ് ട്രാക്കിൽ ഗ്രേഡ് 12ൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ജനറൽ ട്രാക്കിലെ ഗ്രേഡ് 12ലേക്ക് മാറാൻ യോഗ്യതയുണ്ടാകില്ല. ട്രാക്ക് മാറ്റത്തെ തുടർന്ന് പഠനത്തിലുണ്ടാകുന്ന വിടവുകൾ നികത്തുന്നതിനുള്ള ഉത്തരവാദിത്തം വിദ്യാർഥിക്കും രക്ഷിതാവിനും സ്കൂളിനുമാണെന്നും മന്ത്രാലയത്തിന്റെ വ്യവസ്ഥകൾ വ്യക്തമാക്കുന്നു.

പുതിയ ചട്ടങ്ങൾ വിദ്യാർഥികളുടെ അക്കാദമിക് പ്രകടനവും ഭാവിയിലെ പഠന ആവശ്യകതകളും പരിഗണിച്ച് ട്രാക്ക് തിരഞ്ഞെടുപ്പ് കൂടുതൽ കൃത്യമായി നടത്തുകയാണ് ലക്ഷ്യമിടുന്നത്. അതിനാൽ ട്രാക്ക് മാറ്റം ആലോചിക്കുന്ന വിദ്യാർഥികളും രക്ഷിതാക്കളും അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ സ്കൂളുമായി ബന്ധപ്പെട്ട് ആവശ്യമായ മാർഗനിർദേശം തേടേണ്ടതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *