180 ദിവസത്തെ വിദേശ ഫണ്ട് ചട്ടം; യുഎഇ പ്രവാസികൾ പേടിക്കണോ? അറിയാം ആരെ ബാധിക്കും!

സമ്പന്നരായ ഇന്ത്യൻ ഉപഭോക്താക്കൾക്ക് വിദേശ ബാങ്കുകൾ നൽകുന്ന അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡുകളുടെ അനുവദിക്കലിലും പുതുക്കലിലും കൂടുതൽ പരിശോധനകൾ നടത്തുന്നതായി റിപ്പോർട്ട്. ഇന്ത്യയുടെ വിദേശനാണയ ചട്ടങ്ങളാണ് ബാങ്കുകളുടെ പുതിയ പരിശോധനകൾക്ക് പ്രധാന കാരണം. ഇതോടെ യുഎഇയിൽ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ ശമ്പളവും സമ്പാദ്യവും സമാന നിയന്ത്രണങ്ങൾക്ക് വിധേയമാകുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. സൂറിച്ച്, സിംഗപ്പൂർ, ലണ്ടൻ എന്നിവിടങ്ങളിലെയും പശ്ചിമേഷ്യയിലെ ചില ബാങ്കുകളിലെയും ഓഫ്‌ഷോർ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ക്രെഡിറ്റ് കാർഡുകൾ ബാങ്കുകൾ പുനഃപരിശോധിക്കുന്നതായി ‘ഇക്കണോമിക് ടൈംസ്’ റിപ്പോർട്ട് ചെയ്തു.

ഇത് ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെട്ട പ്രശ്നമല്ലെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് അയയ്ക്കുന്ന പണം നിശ്ചിത ആവശ്യങ്ങൾക്കായി ഉപയോഗിക്കണമെന്നും ഉപയോഗിക്കാതെ ശേഷിക്കുന്ന തുക 180 ദിവസത്തിനകം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്നുമുള്ള വിദേശനാണയ ചട്ടങ്ങളാണ് ബാങ്കുകളുടെ പ്രധാന പരിഗണന. എന്നാൽ, യുഎഇയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം പ്രവാസി ഇന്ത്യക്കാരെയും ഈ വ്യവസ്ഥ നേരിട്ട് ബാധിക്കില്ലെന്നാണ് റിപ്പോർട്ട്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (FEMA) പ്രകാരമുള്ള ഇത്തരം വ്യവസ്ഥകൾ പ്രധാനമായും ഇന്ത്യയിൽ താമസിക്കുന്ന വ്യക്തികൾക്കാണ് ബാധകമാകുന്നത്.

യുഎഇയിൽ ജോലി ചെയ്ത് ലഭിക്കുന്ന ശമ്പളം, ബിസിനസ് വരുമാനം തുടങ്ങിയ വിദേശ വരുമാനം യുഎഇയിൽ തന്നെ നിലനിർത്തുന്ന പ്രവാസി ഇന്ത്യക്കാർക്ക് സാധാരണയായി 180 ദിവസത്തിനകം പണം ഇന്ത്യയിലേക്ക് അയയ്ക്കണമെന്ന നിർബന്ധമില്ല. അതിനാൽ യുഎഇയിലെ ബാങ്ക് അക്കൗണ്ടുകളിൽ ശമ്പളവും സമ്പാദ്യവും സൂക്ഷിക്കുന്നതിനും ഈ വ്യവസ്ഥ സാധാരണയായി തടസ്സമാകില്ല.
അതേസമയം, ഇന്ത്യയിലെ NRE, FCNR അക്കൗണ്ടുകളിലെ നിക്ഷേപങ്ങൾക്ക് പ്രത്യേക നിയമങ്ങളാണ് ബാധകം. ഇന്ത്യയിൽ താമസിക്കുന്ന വ്യക്തികൾക്ക് റിസർവ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (LRS) പ്രകാരം ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 2.5 ലക്ഷം യുഎസ് ഡോളർ വരെ വിദേശത്തേക്ക് അയയ്ക്കാം. യാത്ര, വിദ്യാഭ്യാസം, ചികിത്സ, വിദേശ നിക്ഷേപം, വിദേശത്ത് വസ്തു വാങ്ങൽ തുടങ്ങിയ അനുവദനീയമായ ആവശ്യങ്ങൾക്കായി ഈ തുക ഉപയോഗിക്കാം.

വിദേശ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ അതേ കറൻസിയിലുള്ള ഓഫ്‌ഷോർ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കുന്നതിനാൽ കറൻസി മാറ്റുന്നതിനുള്ള അധിക ചെലവ് ഒഴിവാക്കാനും ഉപഭോക്താക്കൾക്ക് സാധിക്കും. എന്നാൽ വിദേശനാണയ ചട്ടങ്ങൾ പാലിക്കുന്നതിലും ബന്ധപ്പെട്ട അക്കൗണ്ടുകളിൽ ആവശ്യമായ ബാലൻസ് നിലനിർത്തുന്നതിലും പ്രശ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ബാങ്കുകൾ ഇത്തരം ഉപഭോക്താക്കളുമായുള്ള ബന്ധം പുനഃപരിശോധിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *