
വേനൽക്കാലത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മാതാപിതാക്കളും പരിചാരകരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി മുന്നറിയിപ്പ് നൽകി. കുട്ടികളെ ഒരു നിമിഷം പോലും ശ്രദ്ധയില്ലാതെ വിടുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകാമെന്നും അധികൃതർ വ്യക്തമാക്കി. അതോറിറ്റിയുടെ ഏഴാമത് ‘സേഫ് സമ്മർ’ ക്യാംപയിന്റെ ഭാഗമായാണ് സുരക്ഷാ മുന്നറിയിപ്പ് നൽകിയത്. പ്രത്യേകിച്ച് നീന്തൽക്കുളങ്ങളിൽ കുട്ടികളെ ഒറ്റയ്ക്ക് വിടരുതെന്ന് അധികൃതർ നിർദേശിച്ചു. കുട്ടികളെ നിരന്തരം നിരീക്ഷിക്കുന്നതാണ് മുങ്ങിമരണവും ഒഴിവാക്കാനാകുന്ന മറ്റ് അപകടങ്ങളും തടയുന്നതിനുള്ള പ്രധാന സുരക്ഷാ മാർഗമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. സുരക്ഷിതമായ പെരുമാറ്റത്തെക്കുറിച്ചും അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും കുട്ടികൾക്ക് കൃത്യമായ ബോധവൽക്കരണം നൽകണമെന്നും മാതാപിതാക്കളോട് നിർദേശിച്ചു.
വീടുകളിലും വിനോദകേന്ദ്രങ്ങളിലും കുട്ടികൾക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. നീന്തൽക്കുളങ്ങൾ, കളിസ്ഥലങ്ങൾ, മറ്റ് വിനോദ മേഖലകൾ എന്നിവിടങ്ങളിൽ കുട്ടികളുടെ ചലനങ്ങൾ നിരന്തരം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകി.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി വ്യക്തമാക്കി. വേനലവധിക്കാലത്ത് കുട്ടികൾ സുരക്ഷിതമായി സമയം ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t