Abu Dhabi Multi-vehicle collision; നടുറോഡിൽ വാഹനം നിർത്തുന്നത് അപകടം; അബുദാബിയിൽ കാർ തലകീഴായി മറിഞ്ഞ് വൻ അപകടം

Abu Dhabi Multi-vehicle collision; തിരക്കേറിയ റോഡുകളിൽ വാഹനങ്ങൾ നിർത്തിയിടുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി അബുദാബി പോലീസ്. വാഹനം തകരാറിലായതിനെത്തുടർന്ന് റോഡിന് നടുവിൽ നിർത്തിയിട്ടപ്പോൾ പിന്നാലെ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ച് കാർ തലകീഴായി മറിയുന്ന ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. അതീവ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യഘട്ടങ്ങളിലല്ലാതെ പ്രധാന പാതകളിൽ വാഹനം നിർത്തരുതെന്നും പോലീസ് വാഹനയാത്രക്കാർക്ക് നിർദ്ദേശം നൽകി. അബുദാബി പോലീസ് പങ്കുവെച്ച വീഡിയോയിൽ രണ്ട് വ്യത്യസ്ത അപകടങ്ങളാണ് കാണിക്കുന്നത്. ആദ്യ ദൃശ്യത്തിൽ വലതുവശത്തെ വരിയിൽ വാഹനം വേഗത കുറച്ചപ്പോൾ പിന്നാലെ വന്ന രണ്ട് കാറുകൾ വേഗത കുറച്ചെങ്കിലും, നാലാമതായി വന്ന വാഹനം ശ്രദ്ധിക്കാതെ ഇടിക്കുകയായിരുന്നു. ഇത് വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി ഇടിക്കുന്ന ‘ചെയിൻ റിയാക്ഷൻ’ അപകടത്തിന് കാരണമായി. രണ്ടാമത്തെ ദൃശ്യത്തിൽ റോഡിൽ തകരാറിലായി കിടന്ന വാഹനത്തിൽ അമിതവേഗതയിൽ വന്ന മറ്റൊരു കാർ ഇടിക്കുകയും, കാർ മറിഞ്ഞ് മറ്റ് രണ്ട് വാഹനങ്ങൾക്ക് മുകളിലൂടെ റോഡിൽ തലകീഴായി പതിക്കുകയും ചെയ്തു. ടയർ പഞ്ചറായാലോ മറ്റ് അടിയന്തര സാഹചര്യങ്ങളുണ്ടായാലോ റോഡിന് നടുവിൽ വാഹനം നിർത്തുന്നത് മറ്റ് യാത്രക്കാർക്കും വലിയ ഭീഷണിയാണെന്ന് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. സാധ്യമായ സാഹചര്യങ്ങളിലെല്ലാം തൊട്ടടുത്ത എക്സിറ്റിലേക്കോ സുരക്ഷിതമായ സ്ഥലത്തേക്കോ വാഹനം മാറ്റാൻ ശ്രമിക്കണം. വാഹനം മാറ്റാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ കൺട്രോൾ റൂമിലേക്ക് വിളിച്ച് സഹായം തേടണം. ഇത് പെട്ടെന്ന് സുരക്ഷാ നടപടികൾ സ്വീകരിക്കാനും വലിയ അപകടങ്ങൾ ഒഴിവാക്കാനും സഹായിക്കും. യുഎഇയിലുടനീളം അപകടകരമായ ഡ്രൈവിംഗിന് കടുത്ത പിഴകളാണ് ഈടാക്കുന്നത്. അബുദാബിയിലും ദുബായിലും അശ്രദ്ധമായ ഡ്രൈവിംഗിന് 50,000 ദിർഹം വരെ പിഴയുണ്ട്. ഷാർജയിൽ ഇത്തരം കേസുകളിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ വിട്ടുനൽകാൻ 20,000 മുതൽ 30,000 ദിർഹം വരെ ഫീസ് നൽകണം. റാസൽഖൈമയിൽ 20,000 ദിർഹം പിഴയും മൂന്ന് മാസത്തെ വാഹന കണ്ടുകെട്ടലുമാണ് ശിക്ഷ. ഡ്രൈവർമാരുടെ ശ്രദ്ധക്കുറവ് വലിയ ജീവഹാനിക്ക് കാരണമാകുമെന്നും നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവർത്തിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *