പ്രവാസികൾക്ക് സന്തോഷവാർത്ത; കുവൈറ്റിലേക്ക് പ്രമുഖ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

മേഖലയിൽ നിലനിന്ന സുരക്ഷാ ആശങ്കകളും വ്യോമപാത നിയന്ത്രണങ്ങളും കാരണം താൽക്കാലികമായി നിർത്തിവെച്ചിരുന്ന കുവൈത്ത്, ബഹ്റൈൻ സർവീസുകൾ ഓഗസ്റ്റ് 8 മുതൽ വീണ്ടും ആരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേയ്സും ഖത്തർ എയർവേയ്സും അറിയിച്ചു. ഏകദേശം മൂന്ന് ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയർവേയ്സ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും സർവീസുകൾ പുനരാരംഭിക്കുന്നത്. ഇത്തിഹാദിന്റെ പുതുക്കിയ ഷെഡ്യൂൾ പ്രകാരം, EY653 വിമാനം യുഎഇ സമയം രാവിലെ 8.25-ന് അബുദാബിയിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെടും. EY643 വിമാനം ഉച്ചയ്ക്ക് 3.40-ന് ബഹ്റൈനിലേക്കും സർവീസ് നടത്തും.

പ്രാദേശിക സുരക്ഷാ സാഹചര്യം രൂക്ഷമായതിനെ തുടർന്ന് ജൂലൈ മധ്യത്തിലായിരുന്നു ഈ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചത്. ജൂലൈ 16-ന് ബഹ്റൈനിലേക്കുള്ള വിമാനം വ്യോമപാത അടച്ചതിനെ തുടർന്ന് അബുദാബിയിലേക്ക് തിരിച്ചുവിടുകയും, മടക്ക സർവീസ് റദ്ദാക്കുകയും ചെയ്തിരുന്നു. അതേ സാഹചര്യത്തിലാണ് കുവൈത്തിലേക്കുള്ള സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചത്.
ഇതിനൊപ്പം, ഖത്തർ എയർവേയ്സും ഓഗസ്റ്റ് 8 മുതൽ കുവൈത്ത്, ബഹ്റൈൻ, ഇറാഖിലെ എർബിൽ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഗൾഫ് മേഖലയിലേക്കും സമീപ പ്രദേശങ്ങളിലേക്കുമുള്ള യാത്രാ സൗകര്യം വീണ്ടും സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ.

യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് ഏറ്റവും പുതിയ വിമാന ഷെഡ്യൂളും യാത്രാ അറിയിപ്പുകളും പരിശോധിക്കണമെന്ന് ഇരുവിമാനക്കമ്പനികളും നിർദേശിച്ചിട്ടുണ്ട്. പ്രവർത്തന സാഹചര്യങ്ങൾക്കനുസരിച്ച് സമയക്രമത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, സർവീസുകൾ നിർത്തിവെച്ചിരുന്ന കാലയളവിലും ഫ്ലൈദുബായ്, എയർ അറേബ്യ എന്നീ വിമാനക്കമ്പനികൾ കുവൈത്തിലേക്കും ബഹ്റൈനിലേക്കും സർവീസുകൾ തുടർന്നിരുന്നു. എന്നാൽ എമിറേറ്റ്സ് ഇതുവരെ ഈ റൂട്ടുകളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചിട്ടില്ലെന്നാണ് ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങൾ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *