
യുഎഇയിലെ ഖോർഫക്കാൻ റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ ദാരുണ അപകടത്തിൽ യുവതിയും ഒൻപത് മാസം പ്രായമുള്ള മകളും മരിച്ചു. അപകടത്തിൽ പരിക്കേറ്റ ഭർത്താവിനെ ഗുരുതരാവസ്ഥയിലും മൂന്ന് വയസ്സുള്ള മറ്റൊരു മകളെ നിസാര പരിക്കുകളോടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഫൗസ് പെട്രോളിയം മേഖലയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിന്റെ പിന്നിലേക്ക് അതിവേഗത്തിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
അപകടത്തിൽ 28-കാരിയായ യുഎഇ സ്വദേശിനിയും ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെയും മൂന്ന് വയസ്സുള്ള മകളെയും ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയിലേക്ക് മാറ്റി. ഫുജൈറ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സ്വാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ധൻഹാനിയുടെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, ഡ്രൈവറുടെ ശ്രദ്ധ തിരിഞ്ഞതാണ് വാഹനം നിയന്ത്രണം വിട്ട് അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തിയത്.
പൊലീസിന്റെ മുന്നറിയിപ്പ്
അപകടത്തെ തുടർന്ന് വാഹനമോടിക്കുന്നവർക്ക് ഫുജൈറ പൊലീസ് വീണ്ടും ജാഗ്രതാ നിർദേശം നൽകി.
-വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതടക്കമുള്ള ശ്രദ്ധ തിരിക്കുന്ന പ്രവൃത്തികൾ പൂർണമായും ഒഴിവാക്കണം.
-ചരക്ക് വാഹനങ്ങളും വലിയ ട്രക്കുകളും സഞ്ചരിക്കുന്ന റോഡുകളിൽ വേഗപരിധി കർശനമായി പാലിക്കുകയും മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം നിലനിർത്തുകയും വേണം.
ഡ്രൈവിങ്ങിലെ ഒരു നിമിഷത്തെ അശ്രദ്ധ പോലും വലിയ ദുരന്തങ്ങൾക്ക് വഴിവെക്കാമെന്നും എല്ലാ വാഹനയാത്രികരും സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t