
വീസാ മാഫിയയുടെ തട്ടിപ്പിൽപെട്ട് അരയ്ക്ക് താഴെ തളർന്ന് അജ്മാനിലെ ഒരു മുറിയിൽ ദുരിതജീവിതം നയിച്ചിരുന്ന കൊച്ചി പള്ളുരുത്തി സ്വദേശിനി വാഹിദയ്ക്ക് ഒടുവിൽ നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങി. പ്രവാസലോകത്തിന്റെ കൂട്ടായ പിന്തുണയും സാമൂഹിക പ്രവർത്തകരുടെയും ഇന്ത്യൻ കോൺസുലേറ്റിന്റെയും ഇടപെടലുമാണ് വർഷങ്ങളായുള്ള ദുരിതത്തിന് ആശ്വാസമായത്.
വാഹിദയുടെ ദുരവസ്ഥ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നിരവധി സുമനസ്സുകൾ സഹായഹസ്തവുമായി രംഗത്തെത്തി. തുടർന്ന് ഇവരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു. വീസ കാലാവധി കഴിഞ്ഞ് ഒരു വർഷത്തിലേറെയായിരുന്നെങ്കിലും ഔട്ട്പാസ് അനുവദിച്ചതോടെ ഇമിഗ്രേഷൻ അധികൃതർ ഓവർസ്റ്റേ പിഴ പൂർണമായും ഒഴിവാക്കി. കോൺസുലേറ്റ് വാഹിദയ്ക്കും ഒപ്പമെത്തുന്ന സഹായിക്കും വിമാന ടിക്കറ്റും അനുവദിച്ചിട്ടുണ്ട്.
സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ദുബായിലെ ഇമിഗ്രേഷൻ കേന്ദ്രത്തിൽ എത്തിച്ചാണ് വാഹിദയുടെ വീസ റദ്ദാക്കൽ നടപടികൾ പൂർത്തിയാക്കിയത്. ആരോഗ്യനില വിലയിരുത്തി ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ വീൽചെയർ സൗകര്യത്തോടെ നാട്ടിലേക്ക് യാത്ര തിരിക്കാനാണ് പദ്ധതി. ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്ന വാഹിദയ്ക്ക് വിവിധ സാമൂഹിക പ്രവർത്തകരുടെയും സംഘടനകളുടെയും സഹായത്തോടെ ചികിത്സയും മരുന്നുകളും ലഭ്യമാക്കി. അജ്മാനിലെ ആശുപത്രിയിൽ സൗജന്യ ചികിത്സ ഒരുക്കിയതോടൊപ്പം വിദഗ്ധ ഡോക്ടർമാരുടെ നിരന്തര പരിചരണവും ഉറപ്പാക്കി.
മൂന്ന് മക്കളെ വളർത്താനായി വർഷങ്ങളായി കഷ്ടപ്പെട്ടിരുന്ന വാഹിദ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഏഴ് വർഷം മുമ്പ് സന്ദർശക വീസയിൽ യുഎഇയിലെത്തിയത്. വീട്ടുജോലിയും പാചക ജോലികളും ചെയ്ത് സമ്പാദിച്ച പണം ഉപയോഗിച്ച് ഒരു സ്ഥാപനത്തിന് 7,500 ദിർഹം നൽകി പാർട്ണർ വീസ എടുത്തെങ്കിലും പിന്നീട് ആ സ്ഥാപനം നിലനിൽക്കുന്നില്ലെന്നും താൻ തട്ടിപ്പിന് ഇരയായെന്നും മനസ്സിലായി. തുടർന്ന് വീസ ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത മറ്റൊരാൾ 4,000 ദിർഹം കൂടി തട്ടിയെടുത്തു.
തുടർച്ചയായ സാമ്പത്തിക ചതികളും മാനസിക ആഘാതവും ആരോഗ്യനിലയെ ഗുരുതരമായി ബാധിച്ചതോടെ വാഹിദയുടെ ശരീരം തളർന്നു. പിന്നീട് ഇവരെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തത് താമസസ്ഥലവുമായി ബന്ധപ്പെട്ടിരുന്ന അബൂബക്കർ എന്ന മലയാളിയായിരുന്നു.
ഫ്രീലാൻസ്, പാർട്ണർ വീസകളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളുടെ മറ്റൊരു ഇരയായ വാഹിദയ്ക്ക് ഒടുവിൽ പ്രവാസി സമൂഹത്തിന്റെ കാരുണ്യമാണ് ആശ്വാസമായത്. വർഷങ്ങളായുള്ള ദുരിതങ്ങൾക്കൊടുവിൽ മക്കളുടെ അരികിലേക്ക് മടങ്ങാനുള്ള പ്രതീക്ഷയോടെയാണ് അവർ ഇപ്പോൾ കാത്തിരിക്കുന്നത്..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t