കമ്പനി പാസ്‌പോർട്ട് തിരികെ നൽകുന്നില്ലേ? പ്രവാസികൾ അറിയേണ്ട അവകാശങ്ങൾ

യുഎഇയിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്ന ഒരു പ്രധാന സംശയമാണ് തൊഴിലുടമകൾക്ക് ജീവനക്കാരുടെ പാസ്‌പോർട്ട് കൈവശം വെക്കാൻ നിയമപരമായ അവകാശമുണ്ടോ എന്നത്. എന്നാൽ യുഎഇ തൊഴിൽ നിയമം ഇക്കാര്യത്തിൽ വ്യക്തമാണ് – ജീവനക്കാരന്റെ സമ്മതമില്ലാതെ പാസ്‌പോർട്ട് പിടിച്ചുവെക്കുന്നത് നിയമവിരുദ്ധമാണ്. 2021-ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 33 പ്രകാരം തൊഴിലുടമകൾക്ക് തൊഴിലാളികളുടെ ഔദ്യോഗിക രേഖകൾ തടഞ്ഞുവെക്കാനോ തൊഴിൽ ബന്ധം അവസാനിച്ചതിന് ശേഷം രാജ്യം വിടുന്നതിൽ തടസ്സം സൃഷ്ടിക്കാനോ അനുവാദമില്ല. പാസ്‌പോർട്ട് ജീവനക്കാരന്റെ വ്യക്തിഗത രേഖയായതിനാൽ അത് സ്ഥിരമായി കൈവശം വെക്കാൻ കമ്പനികൾക്ക് അധികാരമില്ലെന്നും നിയമവിദഗ്ധർ വ്യക്തമാക്കുന്നു.

എന്നാൽ വിസ പുതുക്കൽ, വർക്ക് പെർമിറ്റ് അനുവദിക്കൽ, തൊഴിൽ അനുമതി പുതുക്കൽ തുടങ്ങിയ ഭരണപരമായ ആവശ്യങ്ങൾക്കായി മാത്രം തൊഴിലുടമകൾക്ക് താൽക്കാലികമായി പാസ്‌പോർട്ട് ആവശ്യപ്പെടാം. അത്തരം നടപടികൾ പൂർത്തിയായ ഉടൻ പാസ്‌പോർട്ട് ജീവനക്കാരന് തിരികെ നൽകേണ്ടതുമാണ്. കടബാധ്യതകളുടെയോ തൊഴിൽ കരാറുകളുടെയോ പേരിൽ പാസ്‌പോർട്ട് തടഞ്ഞുവെക്കാൻ നിയമം അനുവദിക്കുന്നില്ല. ഒരു കമ്പനി പാസ്‌പോർട്ട് തിരികെ നൽകാൻ വിസമ്മതിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരന് ആദ്യം രേഖാമൂലം പാസ്‌പോർട്ട് ആവശ്യപ്പെടാം. ഇമെയിൽ അല്ലെങ്കിൽ ഔദ്യോഗിക കത്ത് മുഖേന ആവശ്യപ്പെടുന്നത് പിന്നീട് തെളിവായി ഉപയോഗിക്കാൻ സഹായകരമാകും.

അതിന് ശേഷവും പാസ്‌പോർട്ട് ലഭിക്കാത്ത പക്ഷം മനുഷ്യവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ (MOHRE) പരാതി നൽകാം. മന്ത്രാലയത്തിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, കോൾ സെന്റർ എന്നിവ വഴിയാണ് പരാതികൾ സ്വീകരിക്കുന്നത്. ആവശ്യമെങ്കിൽ സ്വന്തം രാജ്യത്തിന്റെ എംബസിയുടെയോ കോൺസുലേറ്റിന്റെയോ സഹായവും തേടാവുന്നതാണ്. തൊഴിൽ കരാർ പൂർത്തിയാകുന്നതുവരെ അല്ലെങ്കിൽ കമ്പനി നയത്തിന്റെ ഭാഗമായി പാസ്‌പോർട്ട് സൂക്ഷിക്കാമെന്ന വാദങ്ങൾക്ക് യുഎഇ നിയമത്തിൽ അടിസ്ഥാനമില്ല. അതിനാൽ പാസ്‌പോർട്ട് തടഞ്ഞുവെച്ചിട്ടുണ്ടെന്ന് കരുതുന്ന ജീവനക്കാർ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയും ആവശ്യമായ സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അധികാരികളെ സമീപിക്കുകയും വേണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy