
ദുബായ്: യുഎഇയിൽ വാഹനം ഓടിക്കുന്ന പ്രമേഹരോഗികളായ പ്രവാസികൾ ഉൾപ്പെടെയുള്ള ഡ്രൈവർമാർക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവിദഗ്ധരും അബുദാബി പൊലീസും. വണ്ടി ഓടിക്കുന്നതിനിടയിൽ ശരീരത്തിൽ പ്രമേഹത്തിന്റെ അളവ് കുറയുന്നതിന്റെ (Hypoglycaemia) ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ വാഹനം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി നിർത്തണമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നേരിയ തോതിൽ കുറഞ്ഞാൽ പോലും അത് ഡ്രൈവർമാരുടെ ശ്രദ്ധയെയും പെട്ടെന്ന് തീരുമാനങ്ങളെടുക്കാനുള്ള ശേഷിയെയും പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
അപകടം വിളിപ്പരുത്തുന്ന ലക്ഷണങ്ങൾ: രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയുമ്പോൾ തലച്ചോറിന്റെ പ്രവർത്തനത്തെയാണ് അത് ആദ്യം ബാധിക്കുക. വാഹനം ഓടിക്കുമ്പോൾ താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തരമായി ശ്രദ്ധിക്കണം:
- അമിതമായ വിയർപ്പ്
- കൈകാലുകളിലെ വിറയൽ
- പെട്ടെന്നുണ്ടാകുന്ന നെഞ്ചിടിപ്പ്
- കണ്ണ് മങ്ങൽ
- തലകറക്കവും ക്ഷീണവും
- ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ
- പെട്ടെന്നുണ്ടാകുന്ന ദേഷ്യം അല്ലെങ്കിൽ അസ്വസ്ഥത
എന്തുകൊണ്ട് ഇത് അപകടകരമാകുന്നു? രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് താഴുന്നത് ഡ്രൈവർമാരുടെ ചിന്താശേഷിയെയും പ്രതികരണ ശേഷിയെയും സാവധാനത്തിലാക്കും. ഇത് കാരണം റോഡിലെ പെട്ടെന്നുള്ള മാറ്റങ്ങളോട് പ്രതികരിക്കാൻ കഴിയാതെ വരികയും, പെട്ടെന്ന് ബ്രേക്ക് ഇടുക, ലെയ്ൻ മാറിപ്പോവുക, സിഗ്നലുകൾ ശ്രദ്ധിക്കാതിരിക്കുക തുടങ്ങിയ അബദ്ധങ്ങൾ സംഭവിക്കുകയും ചെയ്യാം. കടുത്ത ഹൈപ്പോഗ്ലൈസീമിയ ബോധക്ഷയത്തിലേക്കും വലിയ റോഡപകടങ്ങളിലേക്കും നയിച്ചേക്കാം. ഇൻസുലിൻ ഉപയോഗിക്കുന്നവർ, കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തവർ, യുഎഇയിലെ കടുത്ത ചൂടിൽ ആവശ്യത്തിന് വെള്ളം കുടിക്കാത്തവർ എന്നിവരിലാണ് ഈ സാധ്യത കൂടുതൽ.
വാഹനം ഓടിക്കുന്നതിന് മുൻപ് പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- ഷുഗർ ലെവൽ പരിശോധിക്കുക: വാഹനം എടുക്കുന്നതിന് തൊട്ടുമുൻപ് രക്തത്തിലെ പ്രമേഹത്തിന്റെ അളവ് പരിശോധിച്ച് അത് കുറഞ്ഞത് 90 mg/dl (5 mmol/l) ആണെന്ന് ഉറപ്പുവരുത്തുക.
- ഭക്ഷണം ഒഴിവാക്കരുത്: ഒഴിഞ്ഞ വയറോടെ ഒരിക്കലും ദീർഘദൂര യാത്രകൾ ചെയ്യരുത്.
- മധുരം കരുതുക: വണ്ടിയിൽ എപ്പോഴും ഗ്ലൂക്കോസ് ഗുളികകൾ, മധുരമുള്ള ജ്യൂസ്, മിഠായികൾ എന്നിവ കരുതുക. ഗ്ലൂക്കോമീറ്ററും കൈയെത്തുന്ന ദൂരത്ത് വെക്കുക.
- യാത്രയ്ക്കിടയിലെ പരിശോധന: ദീർഘദൂര യാത്രയാണെങ്കിൽ ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും വണ്ടി നിർത്തി ഷുഗർ ലെവൽ പരിശോധിക്കുക.
വണ്ടി ഓടിക്കുന്നതിനിടയിൽ എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ ഉടൻ തന്നെ വാഹനം സുരക്ഷിതമായ സ്ഥലത്തേക്ക് പാർക്ക് ചെയ്ത് എഞ്ചിൻ ഓഫ് ചെയ്യണം. തുടർന്ന് കൈയിലുള്ള ജ്യൂസോ മിഠായിയോ കഴിച്ച് ഷുഗർ ലെവൽ സാധാരണ നിലയിലായെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം യാത്ര തുടരുകയെന്ന് അൽ ഐൻ എൻഎംസി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെയും ബുർജീൽ മെഡിക്കൽ സെന്ററിലെയും വിദഗ്ധ ഡോക്ടർമാർ നിർദ്ദേശിക്കുന്നു. കൂടാതെ അടിയന്തര സാഹചര്യങ്ങളിൽ തിരിച്ചറിയാനായി ഒരു ഡയബറ്റിസ് മെഡിക്കൽ കാർഡോ ബ്രേസ്‌ലെറ്റോ വാഹനത്തിൽ കരുതുന്നതും നന്നായിരിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t