
യു.എ.ഇ ആരോഗ്യമേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി വിദേശ നഴ്സുമാരുടെയും മിഡ്വൈഫുമാരുടെയും റിക്രൂട്ട്മെന്റിൽ ഭാവിയിൽ കർശന നിയന്ത്രണങ്ങൾക്ക് സാധ്യതയുണ്ട്. നഴ്സിംഗ് രംഗം തദ്ദേശീയർക്ക് കൂടുതൽ ആകർഷകമാക്കുന്നതിനായി വിപുലമായ ആനുകൂല്യങ്ങളും ഘടനാപരമായ മാറ്റങ്ങളുമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1,897 സ്വദേശികളാണ് ഈ മേഖലയിലേക്ക് കടന്നുവന്നത്. നിലവിൽ രാജ്യത്തെ ആകെ നഴ്സിംഗ് ജീവനക്കാരിൽ 2.8 ശതമാനം മാത്രമാണ് യു.എ.ഇ പൗരന്മാരുള്ളത്. ഈ കുറവ് പരിഹരിക്കാൻ ഫെഡറൽ പ്രോഗ്രാമായ നാഫിസ്, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എമിറേറ്റ്സ് നഴ്സിംഗ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ രാജ്യവ്യാപകമായി വലിയ കാമ്പയിനുകൾ നടക്കുന്നുണ്ട്. ഇപ്പോൾ രണ്ടായിരത്തി അഞ്ഞൂറോളം സ്വദേശി വിദ്യാർത്ഥികൾ രാജ്യത്ത് നഴ്സിംഗ് പഠനം നടത്തുന്നുണ്ട്.
മുൻകാലങ്ങളിൽ സ്ത്രീകൾ മാത്രം ഭൂരിപക്ഷമായിരുന്ന ഈ രംഗത്തേക്ക് ഇപ്പോൾ സ്വദേശികളായ പുരുഷന്മാരും വലിയ തോതിൽ കടന്നുവരുന്നുണ്ട്. ആദ്യകാലങ്ങളിൽ കോഴ്സുകളിൽ ഒന്നോ രണ്ടോ പുരുഷന്മാർ മാത്രമാണുണ്ടായിരുന്നതെങ്കിൽ, നിലവിൽ മുന്നൂറിലധികം സ്വദേശി യുവാക്കൾ നഴ്സിംഗ് പഠിക്കുന്നുണ്ട് എന്നത് വലിയൊരു സാമൂഹിക മാറ്റമാണ്. പഠിച്ചിറങ്ങുന്ന തദ്ദേശീയരായ ഉദ്യോഗാർത്ഥികൾക്ക് ജോലി ഉറപ്പാക്കുന്നതിനായി വിദേശ നഴ്സുമാരുടെ എണ്ണത്തിൽ കർശനമായ പരിധി നിശ്ചയിക്കാൻ മന്ത്രാലയം ആലോചിക്കുന്നുണ്ട്. ഇതിനൊപ്പം എല്ലാ മെഡിക്കൽ സ്ഥാപനങ്ങളിലും ബെഡുകളുടെയും രോഗികളുടെയും എണ്ണത്തിന് ആനുപാതികമായി നഴ്സുമാരുണ്ടാകണം എന്ന കൃത്യമായ അനുപാത നിയമം ഉടൻ പ്രാബല്യത്തിൽ വരും.
നഴ്സിംഗ്, മിഡ്വൈഫറി മേഖലകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏകീകൃത ലൈസൻസിംഗ് സംവിധാനം രാജ്യവ്യാപകമായി നടപ്പിലാക്കാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. സ്വന്തം രാജ്യത്തെ പ്രൊഫഷണലുകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് സ്വയംപര്യാപ്തമായ ഒരു ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ കെട്ടിപ്പടുക്കുക എന്ന യു.എ.ഇയുടെ ദീർഘകാല ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ. ഇത് ഭാവിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര ഹെൽത്ത്കെയർ റിക്രൂട്ട്മെന്റുകളെയും നഴ്സുമാരുടെ തൊഴിൽ സാധ്യതകളെയും കാര്യമായി ബാധിച്ചേക്കാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t