വിദ്യാഭ്യസ മേഖലയിൽ വൻ മാറ്റങ്ങൾ; ഏഴ് പുതിയ സ്കൂളുകൾ കൂടി


കുവൈത്തിലെ വേഗത്തിൽ വളരുന്ന ജനവാസ മേഖലകളിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സബാഹ് അൽ അഹമ്മദ് സീ സിറ്റിയിൽ ഏഴ് പുതിയ സ്കൂളുകൾ നിർമ്മിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി.

ജനസാന്ദ്രതയെ കുറിച്ചുള്ള വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സ്കൂളുകളുടെ സ്ഥാനങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇതിലൂടെ പ്രദേശവാസികൾക്ക് സ്കൂളുകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള സൗകര്യം ഉറപ്പാക്കും. കിൻഡർഗാർട്ടൻ, പ്രൈമറി, ഇന്റർമീഡിയറ്റ്, സെക്കൻഡറി തലങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്കൂളുകൾ സ്ഥാപിക്കാനാണ് പദ്ധതി.

ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് അവരുടെ മുഴുവൻ സ്കൂൾ വിദ്യാഭ്യാസവും ഒരേ പ്രദേശത്ത് തന്നെ പൂർത്തിയാക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. കുവൈത്ത് മുനിസിപ്പാലിറ്റിയിൽ നിന്ന് ആവശ്യമായ ഭൂമി രേഖകൾ ഇതിനകം തന്നെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ പുരോഗമിക്കുകയാണ്. ആധുനിക വിദ്യാഭ്യാസ നിലവാരങ്ങൾ പരിഗണിച്ച് എൻജിനീയറിങ് സംഘങ്ങൾ സ്കൂളുകളുടെ രൂപകൽപ്പന തയ്യാറാക്കുന്ന ഘട്ടത്തിലാണ്. ലഭ്യമായ സ്ഥലങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കാൻ സഹായിക്കുന്ന ഫ്ലെക്സിബിൾ ഡിസൈനുകൾക്കാണ് മുൻഗണന നൽകുന്നത്.

2016-ലെ പബ്ലിക് ടെൻഡർ നിയമം (നമ്പർ 49) അനുസരിച്ചായിരിക്കും നിർമ്മാണ കരാറുകൾ അനുവദിക്കുക. പ്രവർത്തനങ്ങളിൽ സുതാര്യതയും ഉയർന്ന ഗുണനിലവാരവും ഉറപ്പാക്കുന്നതിനായി രൂപകൽപ്പനയും നിർമ്മാണവും വേർതിരിച്ച ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy