യുഎഇയിൽ ‘സ്റ്റിയറിംഗ്’ ഇനി 17 ആം വയസ്സിൽ തന്നെ; സുരക്ഷ കർശനമാക്കി പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ 


സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ട് യുഎഇയിലെ പുതിയ ഗതാഗത നിയമം പൂർണതോതിൽ നടപ്പിലായി. 2025 മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വന്ന നിയമം ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള പ്രായപരിധിയിൽ മാറ്റം വരുത്തിയതിനൊപ്പം നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷാനടപടികളും ഉൾക്കൊള്ളുന്നുണ്ട്. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് തടവുശിക്ഷയ്ക്കൊപ്പം ഒരു ലക്ഷം ദിർഹം വരെ പിഴയും വിധിക്കാമെന്ന് നിയമം വ്യക്തമാക്കുന്നു.

17 വയസ്സ് പൂർത്തിയായാൽ ലൈസൻസ് അപേക്ഷിക്കാം

പുതിയ നിയമത്തിലെ പ്രധാന മാറ്റം ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള പ്രായപരിധിയിലാണ്. ഇനി 17 വയസ്സ് പൂർത്തിയായാൽ ലൈസൻസിനായി അപേക്ഷിക്കാനാകും. എന്നാൽ ലൈസൻസിങ് അതോറിറ്റി നിർദേശിക്കുന്ന മെഡിക്കൽ പരിശോധനകളും നിർബന്ധിത ഡ്രൈവിങ് ടെസ്റ്റുകളും വിജയകരമായി പൂർത്തിയാക്കണം. വിവിധ വാഹന വിഭാഗങ്ങൾക്കായുള്ള ലൈസൻസുകളുടെ കാലാവധി, പുതുക്കൽ നടപടികൾ തുടങ്ങിയവയ്ക്കായി വ്യക്തമായ മാർഗനിർദ്ദേശങ്ങളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലൈസൻസ് റദ്ദാക്കൽ, സസ്പെൻഷൻ നടപടികൾ കർശനം

ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായി ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനോ താൽക്കാലികമായി സസ്പെൻഡ് ചെയ്യാനോ അതോറിറ്റിക്ക് കൂടുതൽ അധികാരം നൽകിയിട്ടുണ്ട്. ഡ്രൈവർ ശാരീരികമായോ മാനസികമായോ വാഹനമോടിക്കാൻ അയോഗ്യനാണെന്ന് കണ്ടെത്തിയാൽ ലൈസൻസ് ഉടൻ റദ്ദാക്കും. പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിലയിരുത്തുന്ന സാഹചര്യങ്ങളിൽ പൊലീസിന് ലൈസൻസിങ് അതോറിറ്റിയുമായി സഹകരിച്ച് ലൈസൻസ് സസ്പെൻഡ് ചെയ്യാനും അധികാരമുണ്ട്. സസ്പെൻഡ് ചെയ്യപ്പെട്ട ഡ്രൈവർമാർക്ക് വീണ്ടും വാഹനമോടിക്കാൻ യോഗ്യത നേടുന്നതിനുള്ള പരിശീലന പരിപാടികളെയും നിയമം നിർദേശിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy