
ചികിത്സാ പ്രോട്ടോക്കോളുകൾ പാലിക്കാതിരുന്നതിനെത്തുടർന്ന് ഗർഭസ്ഥ ശിശു മരിച്ച കേസിൽ ദുബായിലെ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും കോടതി കനത്ത പിഴ വിധിച്ചു. മാതാപിതാക്കൾക്ക് ഒരു ലക്ഷം ദിർഹം (ഏകദേശം 22.6 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. നിർണ്ണായക ഘട്ടത്തിൽ ആവശ്യമായ അടിയന്തര ഇടപെടൽ നടത്താതിരുന്നതാണ് കേസിലെ പ്രധാന വീഴ്ചയായി കോടതി വിലയിരുത്തിയത്. ഗർഭസ്ഥ ശിശുവിന്റെ ചലനം കുറഞ്ഞതിനെ തുടർന്ന് ചികിത്സ തേടിയ യുവതിയിൽ, അൾട്രാസൗണ്ട് പരിശോധനയിൽ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറവാണെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും, ഉടൻ നടപടികൾ സ്വീകരിക്കാതെ സ്ഥിരം ഡോക്ടറെ കാണാൻ നിർദേശിച്ചതാണ് ഗുരുതര അനാസ്ഥയായി കണക്കാക്കിയത്. തുടർന്ന് മറ്റൊരു ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുഞ്ഞ് ഗർഭപാത്രത്തിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തി. പൊക്കിൾക്കൊടി കഴുത്തിൽ ചുറ്റിയതാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. മെഡിക്കൽ ലയബിലിറ്റി ഹൈ കമ്മിറ്റി അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിരീക്ഷിക്കുന്ന സംവിധാനങ്ങൾ ഒരുക്കുന്നതിലും വിദഗ്ധ വിഭാഗത്തിലേക്ക് റഫർ ചെയ്യുന്നതിലും ഡോക്ടർ വീഴ്ച വരുത്തിയതായി കമ്മിറ്റിയും കണ്ടെത്തി. എന്നാൽ ഈ കാലതാമസം മാത്രമാണ് മരണത്തിന് കാരണമെന്ന് ഉറപ്പിക്കാൻ കഴിഞ്ഞില്ല.
ഡോക്ടറുടെ പ്രധാന ഉത്തരവാദിത്തം ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിച്ച് മികച്ച ചികിത്സ നൽകുക എന്നതാണെന്ന് കോടതി വ്യക്തമാക്കി. അടിയന്തര സാഹചര്യത്തിൽ അത് പാലിക്കാത്തത് കടമലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. സാമ്പത്തിക നഷ്ടം തെളിയിക്കാൻ രേഖകൾ ഇല്ലാത്തതിനാൽ ആ ഭാഗത്തെ നഷ്ടപരിഹാരം തള്ളിയെങ്കിലും, മാതാപിതാക്കൾ അനുഭവിച്ച മാനസിക വേദന കണക്കിലെടുത്ത് ധാർമ്മിക നഷ്ടപരിഹാരമായി ഒരു ലക്ഷം ദിർഹം നൽകാൻ കോടതി ഉത്തരവിട്ടു. ആശുപത്രിയും ഡോക്ടറും സംയുക്തമായി തുക നൽകണമെന്നും നിയമ ചെലവുകളും വഹിക്കണമെന്നും വിധിയിൽ പറയുന്നു. ദുബൈയിലെ ആരോഗ്യ മേഖലയിൽ ചികിത്സാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന വിധിയാണ് ഇത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t