റമദാൻ മാസത്തെ മുന്നോടിയായി രാജ്യത്തെ വിപണികളിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനും സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രാലയം കർശന നടപടികൾ ശക്തമാക്കി. ജനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ പ്രയാസമില്ലാതെ ലഭ്യമാക്കുന്നതിന് രാജ്യവ്യാപകമായി ദിനംപ്രതി പരിശോധനകൾ നടത്തിവരുന്നതായി അധികൃതർ അറിയിച്ചു.
പ്രാദേശിക സാമ്പത്തിക വികസന വകുപ്പുകളുമായി ചേർന്ന് നടത്തിയ 7,105 പരിശോധനകളിൽ നിന്ന് 567 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അനാവശ്യമായി വില വർദ്ധിപ്പിച്ച സ്ഥാപനങ്ങൾക്ക് രണ്ടുലക്ഷത്തിലധികം ദിർഹം പിഴ ചുമത്തുകയും നൂറുകണക്കിന് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഒമ്പത് അവശ്യവസ്തുക്കളുടെ വില വർദ്ധിപ്പിക്കാൻ പാടില്ലെന്ന നിർദ്ദേശം നിലവിലുണ്ട്. പാചക എണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ഗോതമ്പ്, റൊട്ടി, കോഴിയിറച്ചി, പയറുവർഗ്ഗങ്ങൾ എന്നിവയാണ് നിയന്ത്രണത്തിലുള്ള പ്രധാന സാധനങ്ങൾ. സവാള, തക്കാളി തുടങ്ങിയ ചില പച്ചക്കറികളുടെ വിലയിൽ ഉണ്ടായ ചെറിയ മാറ്റങ്ങൾ താൽക്കാലികമാണെന്നും വിപണിയിൽ കൂടുതൽ ശേഖരം എത്തിച്ചതോടെ സ്ഥിതി സാധാരണ നിലയിലായതായും മന്ത്രാലയം അറിയിച്ചു.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആറുമാസത്തേക്ക് മതിയാകുന്ന അവശ്യസാധനങ്ങളുടെ കരുതൽ ശേഖരം രാജ്യത്ത് ഒരുക്കിയിട്ടുണ്ടെന്നും വിവിധ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങൾ വഴി ചരക്ക് നീക്കം തടസ്സമില്ലാതെ തുടരുന്നതായും അധികൃതർ വ്യക്തമാക്കി. വിപണിയിലെ ചൂഷണങ്ങൾ തടയാൻ ഉപഭോക്താക്കളുടെ സഹകരണവും മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്. അമിതവില ഈടാക്കുന്ന സാഹചര്യങ്ങളിൽ 8001222 എന്ന നമ്പറിലോ [email protected]
എന്ന ഇമെയിൽ വഴിയോ പരാതി നൽകാമെന്ന് അധികൃതർ അറിയിച്ചു. റമദാൻ കാലത്ത് ആവശ്യത്തിന് മാത്രം സാധനങ്ങൾ വാങ്ങണമെന്നും അനാവശ്യമായി സാധനങ്ങൾ ശേഖരിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt