ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണം ഒരാഴ്ച പിന്നിടുമ്പോഴും ഇടവേളകളോടെ ആക്രമണങ്ങൾ തുടരുകയാണ്. എന്നിരുന്നാലും യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ ജനജീവിതം കൂടുതൽ സാധാരണ നിലയിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൂടുതൽ വിമാന സർവീസുകൾ പുനരാരംഭിച്ചതോടെ യാത്രാ രംഗത്തും പുരോഗതി കണ്ടുവരുന്നു.
വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച പുലർച്ചെ വരെ യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണശ്രമങ്ങൾ റിപ്പോർട്ട് ചെയ്തു. പല പ്രദേശങ്ങളിലും ഇന്നലെ പകലും രാത്രിയും ഇടവേളകളോടെ അപായ സൈറൺ മുഴങ്ങിയിരുന്നു.
അബുദാബിയിൽ നിന്ന് ഇത്തിഹാദ് എയർവേയ്സ് പരിമിതമായ രീതിയിൽ സർവീസുകൾ പുനരാരംഭിച്ചു. ദുബായിൽ നിന്ന് എമിറേറ്റ്സ് എയർലൈൻസ് പ്രത്യേക സർവീസുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. ഒമാനിലെ വിമാനത്താവളങ്ങൾ പൂർണ തോതിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ആദ്യ വെള്ളിയാഴ്ച പ്രാർഥനയിൽ പള്ളികളിൽ വിശ്വാസികൾ സാധാരണ രീതിയിൽ പങ്കെടുത്തു.
ജനങ്ങൾ ഐക്യത്തോടെ ജീവിക്കണം: ഇമാമുമാർ
യുദ്ധസാഹചര്യം നിലനിൽക്കുന്നുവെങ്കിലും ജനങ്ങൾ ഭയപ്പെടാതെ സുരക്ഷിതരായി കഴിയണമെന്നും മനസാന്നിധ്യം നഷ്ടപ്പെടരുതെന്നും വെള്ളിയാഴ്ച പ്രാർഥനയിൽ ഇമാമുമാർ ആഹ്വാനം ചെയ്തു. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കലിനും ഇടവരുത്തരുതെന്നും അവർ പറഞ്ഞു.
ജനങ്ങൾ ഐക്യത്തോടെ ജീവിക്കണമെന്നും വ്യാജ വിവരങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ഇമാമുമാർ ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ പ്രതിരോധ ശക്തിയെയും ജനങ്ങളുടെ സാഹോദര്യത്തെയും അവർ പ്രശംസിച്ചു. രാജ്യത്തെ ദൈവം സുരക്ഷിതമാക്കട്ടെയെന്ന പ്രാർഥനയോടെയാണ് വിശ്വാസികൾ പള്ളികളിൽ നിന്ന് മടങ്ങിയത്.
ഭക്ഷ്യവസ്തുക്കൾക്ക് കുറവില്ല
ദുബായിലെ ചില സൂപ്പർമാർക്കറ്റുകളിൽ പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോൾ മിതത്വം പാലിക്കണമെന്ന് നിർദേശിക്കുന്ന നോട്ടിസുകൾ പതിപ്പിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ആവശ്യത്തിലധികം സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഒരാൾക്ക് പരമാവധി മൂന്ന് കിലോ വരെ മാത്രമേ പഴങ്ങളും പച്ചക്കറികളും വാങ്ങാൻ അനുവദിക്കൂ എന്നതാണ് നിർദേശം.
രാജ്യത്ത് ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ ലഭ്യമാണെന്നും വിതരണ ശൃംഖല സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഭരണകൂടം ഉറപ്പു നൽകി.
യുഎഇ
യുഎഇയ്ക്ക് നേരെ ഇന്നലെ മാത്രം 112 ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ. ഇതിൽ 109 എണ്ണം പ്രതിരോധ സംവിധാനങ്ങൾ നിർവീര്യമാക്കി. കൂടാതെ 9 ബാലിസ്റ്റിക് മിസൈലുകളും 8 ക്രൂസ് മിസൈലുകളും പ്രതിരോധിച്ചു.
യുദ്ധം ആരംഭിച്ചതിനു ശേഷം ഒരാഴ്ചയ്ക്കിടെ 205 ബാലിസ്റ്റിക് മിസൈലുകളും 1184 ഡ്രോണുകളും യുഎഇ നേരിട്ടതായി അധികൃതർ അറിയിച്ചു. ഇതുവരെ 112 പേർക്ക് പരുക്കേറ്റിട്ടുണ്ട്. മിസൈൽ ആക്രമണത്തിൽ തീപിടിച്ച ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് സോണിലെ തീ അണച്ചതായും അറിയിച്ചു.
ബഹ്റൈൻ
ബഹ്റൈനിൽ ഖത്തർ നാവികസേനാംഗങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. സേനാംഗങ്ങൾ സുരക്ഷിതരാണെന്ന് ഖത്തർ അറിയിച്ചു. ജിസിസിയുടെ സംയുക്ത മാരിടൈം ഓപ്പറേഷൻസ് സെന്ററിൽ പങ്കെടുക്കാനെത്തിയവരാണ് അവർ.
ബഹ്റൈനിൽ ഖത്തർ സേനയുടെ താമസസ്ഥലത്ത് നടന്ന മിസൈൽ ആക്രമണത്തെ ഖത്തർ കടുത്ത ഭാഷയിൽ വിമർശിച്ചു. ബഹ്റൈന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നടപടിയാണിതെന്നും മേഖലയുടെ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണെന്നും ഖത്തർ പ്രതികരിച്ചു.
ബഹ്റൈനിൽ ഒരു ഹോട്ടലിനും രണ്ട് പാർപ്പിട സമുച്ചയങ്ങൾക്കും നേരെയും വ്യോമാക്രമണം നടന്നുവെങ്കിലും ആളപായമില്ല. തലസ്ഥാനമായ മനാമയിൽ തുടർച്ചയായി സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാൻ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച അൽ ഹിദ് ഹൗസിങ് സിറ്റിയിലെ വീടുകൾ പുനർനിർമിക്കുന്നതിനുള്ള ചെലവ് സർക്കാർ വഹിക്കുമെന്ന് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അറിയിച്ചു.
കുവൈത്ത്
കുവൈത്തിലെ യുഎസ് സൈനിക താവളത്തെ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ആക്രമണം തുടരുമെന്നും അവർ അറിയിച്ചു. പുലർച്ചെയുണ്ടായ വ്യോമാക്രമണശ്രമം കുവൈത്ത് സൈന്യം പ്രതിരോധിച്ചതായും റിപ്പോർട്ടുണ്ട്.
ഇതുവരെ കുവൈത്തിനു നേരെ 212 ബാലിസ്റ്റിക് മിസൈലുകളും 394 ഡ്രോണുകളും ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ജനവാസ മേഖലകളും പ്രധാന കെട്ടിടങ്ങളും ആക്രമണത്തിൽ ഉൾപ്പെട്ടു. രണ്ട് സൈനികരും ഒരു കുട്ടിയും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. 67 പേർക്ക് പരുക്കേറ്റിട്ടുണ്ട്.
ഉച്ചയ്ക്കുശേഷം തലസ്ഥാന നഗരപ്രദേശത്ത് ആക്രമണം ശക്തമായി. ക്രൂസ് മിസൈലുകളും ഡ്രോണുകളും തുടർച്ചയായി എത്തിയതോടെ വൈകിട്ട് വരെ അപായ സൈറൺ മുഴങ്ങിക്കൊണ്ടിരുന്നു.
സൗദി അറേബ്യ
സൗദി അറേബ്യയിലെ റിയാദിലെ എയർബേസിനെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. കിഴക്കൻ അൽ ഖർജ് ഗവർണറേറ്റിലേക്കും ക്രൂസ് മിസൈൽ ആക്രമണം ഉണ്ടായി. ഇവിടെ ഡ്രോൺ ആക്രമണവും പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെടുത്തി.
ഖത്തർ
ഖത്തറിലെ അൽ ഉദൈദ് യുഎസ് എയർബേസിനും നേരെ ആക്രമണശ്രമം നടന്നതായി റിപ്പോർട്ടുണ്ട്.
ഇതിനിടെ എമിറേറ്റ്സ് എയർലൈൻസ് ഇതിനകം 30,000 യാത്രക്കാരെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചതായി അറിയിച്ചു. വ്യോമപാതകൾ പൂർണമായി തുറക്കുന്നതിനെ ആശ്രയിച്ചായിരിക്കും സർവീസുകൾ പൂർണ തോതിൽ പുനരാരംഭിക്കുക.
ഇന്ന് 83 വിമാനത്താവളങ്ങളിലേക്ക് 106 സർവീസുകൾ നടത്താനാണ് എമിറേറ്റ്സ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ 48 മണിക്കൂറിനിടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലും അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലും നിന്ന് 1140 വിമാനങ്ങൾ സർവീസ് നടത്തിയതായും ഏകദേശം 80 രാജ്യങ്ങളിലേക്കാണ് സർവീസുകൾ നടത്തിയതെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
18 വയസ് കഴിഞ്ഞാൽ സൈനിക സേവനം നിർബന്ധം; ദേശീയ സേവന നിയമത്തിൽ വൻ ഭേദഗതി കൊണ്ടുവന്ന് കുവൈത്ത്
കുവൈത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സൈനിക സന്നദ്ധത ഉയർത്തുന്നതിനുമായി ദേശീയ സൈനിക സേവന നിയമത്തിൽ സുപ്രധാന ഭേദഗതികൾ ഉൾപ്പെടുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2026-ലെ ഒമ്പതാം നമ്പർ നിയമഭേദഗതിയാണ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. അഞ്ച് അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്ന ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ നിയമപ്രകാരം, 18 വയസ് തികയുന്ന ഓരോ കുവൈത്ത് പൗരനും പ്രായപൂർത്തിയായതിന് ശേഷം 180 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികളുടെ മുൻപാകെ ഹാജരായി ദേശീയ സൈനിക സേവനത്തിനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
സർക്കാർ-സ്വകാര്യ മേഖലകളിലെ തൊഴിൽ പ്രവേശനത്തിലും സ്വതന്ത്ര തൊഴിൽ ലൈസൻസിനും സൈനിക സേവനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റോ, ഒഴിവാക്കൽ രേഖയോ, അല്ലെങ്കിൽ സേവനം മാറ്റിവെച്ചതിന്റെ ഔദ്യോഗിക രേഖയോ നിർബന്ധമാക്കി. സൈനിക സേവനം വിജയകരമായി പൂർത്തിയാക്കിയവർക്ക് നിയമനങ്ങളിൽ മുൻഗണന നൽകുമെന്നും നിയമം വ്യക്തമാക്കുന്നു.
പ്രധാന ഭേദഗതികൾ:
ഒറ്റമകൻ/ഒറ്റമകൾ (മാതാപിതാക്കൾ ജീവനോടെയോ ഒരാൾ മരിച്ചാലോ) സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കും.
മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ പൂർത്തിയാകുന്നത് വരെ സേവനം മാറ്റിവെക്കും.
സേവനത്തിന് ഹാജരാകാതിരുന്നാൽ അല്ലെങ്കിൽ വൈകിയാൽ ഘട്ടംഘട്ടമായ ഭരണപരമായ ശിക്ഷകൾ.
സജീവ സേവനം പൂർത്തിയാക്കിയവർ 10 വർഷത്തേക്ക് പ്രതിവർഷം 30 ദിവസം റിസർവ് സേവനത്തിൽ പങ്കെടുക്കണം, അല്ലെങ്കിൽ 45 വയസ് വരെ.
തടവുശിക്ഷ അനുഭവിക്കുന്ന കാലയളവ് സജീവ സേവനത്തിൽ ഉൾപ്പെടുത്തില്ല.
നിയമലംഘനങ്ങൾക്ക് തടവും പിഴയും ഉൾപ്പെടുന്ന കർശന ശിക്ഷകൾ.
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം നിയമനീതിയും സാമൂഹിക നീതിയും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതാണ് ഭേദഗതികളുടെ ലക്ഷ്യമെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd