
നിലവിലെ മേഖലാ സംഘർഷത്തിന്റെ തുടക്കം മുതൽ രാജ്യത്തുടനീളം 50 തവണ എയർ റെയ്ഡ് സൈറൺ മുഴക്കിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതായി 165 റിപ്പോർട്ടുകൾ ലഭിച്ചതായും അധികൃതർ വ്യക്തമാക്കി. സർക്കാരിന്റെ കമ്മ്യൂണിക്കേഷൻ സെന്റർ സംഘടിപ്പിച്ച സംയുക്ത മാധ്യമ ബ്രീഫിംഗിൽ സംസാരിക്കവേ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ നാസർ ബൗസലൈബ് ആണ് ഈ വിവരങ്ങൾ അറിയിച്ചത്. രാജ്യത്തിന്റെ സുരക്ഷാ സ്ഥിതി നിലവിൽ സ്ഥിരതയുള്ളതാണെന്നും, സുരക്ഷാ-പ്രതിരോധ സംവിധാനങ്ങൾ പരമാവധി ജാഗ്രതയോടെയും സജ്ജതയോടെയും പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സർക്കാർ വകുപ്പുകൾ ചേർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംയുക്ത ഓപ്പറേഷൻ റൂമുകൾ വഴി അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതായും അറിയിച്ചു.
സംഘർഷം ആരംഭിച്ചതിന് ശേഷം സിവിൽ ഡിഫൻസ് 50 തവണ സൈറൺ പ്രവർത്തിപ്പിച്ചതായും, കുവൈത്ത് സൈന്യം, ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ് എന്നിവയുടെ ബോംബ് ഡിസ്പോസൽ സംഘങ്ങൾ മിസൈൽ അവശിഷ്ടങ്ങൾ വീണതായി ലഭിച്ച റിപ്പോർട്ടുകൾക്ക് പ്രതികരിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. ജനങ്ങളിലേക്ക് മുന്നറിയിപ്പുകൾ എത്തിക്കാൻ സർക്കാർ വിവിധ മാർഗങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തുടനീളം സൈറൺ മുഴക്കുന്നതിനൊപ്പം ടിവി, റേഡിയോ ചാനലുകൾ വഴിയും ‘സാഹെൽ’ (Sahel) ആപ്പ് വഴിയും മുന്നറിയിപ്പുകൾ നൽകിയതായി അറിയിച്ചു. ഇതിലൂടെ രാജ്യത്തെ ഏകദേശം 6,800 സംസാര-കാഴ്ച പരിമിതികളുള്ള ആളുകളിലേക്കും വിവരങ്ങൾ എത്തിച്ചതായും വ്യക്തമാക്കി. അതേസമയം, ജനങ്ങളും പ്രവാസികളും സർക്കാരിന്റെ ഔദ്യോഗിക അക്കൗണ്ടുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അവഗണിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. സുരക്ഷാ പ്രവർത്തനങ്ങളുടെയോ സംഭവസ്ഥലങ്ങളുടെയോ വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് കർശനമായി നിരോധിച്ചതായും മുന്നറിയിപ്പ് നൽകി.
സംശയാസ്പദമായ വസ്തുക്കളോ മിസൈൽ അവശിഷ്ടങ്ങളോ കണ്ടാൽ അടുത്തുപോകാതെയും കൈകാര്യം ചെയ്യാതെയും 112 എന്ന അടിയന്തര നമ്പറിലേക്ക് ഉടൻ വിവരം അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. മുൻകരുതൽ നടപടിയായി വിനോദ ബോട്ടുകൾക്കും മീൻപിടിത്ത ബോട്ടുകൾക്കും കടലിലേക്ക് പോകുന്നതിന് താൽക്കാലിക വിലക്കും, ക്യാമ്പിംഗ് നിരോധനവും, ഡ്രോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും വിലക്കും തുടരുന്നതായും മന്ത്രാലയം അറിയിച്ചു.
സൈറൺ മുഴങ്ങുന്ന സാഹചര്യത്തിൽ ജനങ്ങൾ ശാന്തരായി ഉടൻ സുരക്ഷിത സ്ഥലങ്ങളിലേക്കോ കെട്ടിടങ്ങളുടെ അടിത്തട്ടിലേക്കോ പോകുകയും, ജനാലകൾക്കും തുറസ്സായ സ്ഥലങ്ങൾക്കും സമീപം നിൽക്കുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പൊതുജനങ്ങളുടെ സഹകരണം നിർണായകമാണെന്നും അവർ കൂട്ടിച്ചേർത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
18 വയസ് കഴിഞ്ഞാൽ സൈനിക സേവനം നിർബന്ധം; ദേശീയ സേവന നിയമത്തിൽ വൻ ഭേദഗതി കൊണ്ടുവന്ന് കുവൈത്ത്
കുവൈത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സൈനിക സന്നദ്ധത ഉയർത്തുന്നതിനുമായി ദേശീയ സൈനിക സേവന നിയമത്തിൽ സുപ്രധാന ഭേദഗതികൾ ഉൾപ്പെടുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2026-ലെ ഒമ്പതാം നമ്പർ നിയമഭേദഗതിയാണ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. അഞ്ച് അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്ന ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ നിയമപ്രകാരം, 18 വയസ് തികയുന്ന ഓരോ കുവൈത്ത് പൗരനും പ്രായപൂർത്തിയായതിന് ശേഷം 180 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികളുടെ മുൻപാകെ ഹാജരായി ദേശീയ സൈനിക സേവനത്തിനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
സർക്കാർ-സ്വകാര്യ മേഖലകളിലെ തൊഴിൽ പ്രവേശനത്തിലും സ്വതന്ത്ര തൊഴിൽ ലൈസൻസിനും സൈനിക സേവനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റോ, ഒഴിവാക്കൽ രേഖയോ, അല്ലെങ്കിൽ സേവനം മാറ്റിവെച്ചതിന്റെ ഔദ്യോഗിക രേഖയോ നിർബന്ധമാക്കി. സൈനിക സേവനം വിജയകരമായി പൂർത്തിയാക്കിയവർക്ക് നിയമനങ്ങളിൽ മുൻഗണന നൽകുമെന്നും നിയമം വ്യക്തമാക്കുന്നു.
പ്രധാന ഭേദഗതികൾ:
ഒറ്റമകൻ/ഒറ്റമകൾ (മാതാപിതാക്കൾ ജീവനോടെയോ ഒരാൾ മരിച്ചാലോ) സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കും.
മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ പൂർത്തിയാകുന്നത് വരെ സേവനം മാറ്റിവെക്കും.
സേവനത്തിന് ഹാജരാകാതിരുന്നാൽ അല്ലെങ്കിൽ വൈകിയാൽ ഘട്ടംഘട്ടമായ ഭരണപരമായ ശിക്ഷകൾ.
സജീവ സേവനം പൂർത്തിയാക്കിയവർ 10 വർഷത്തേക്ക് പ്രതിവർഷം 30 ദിവസം റിസർവ് സേവനത്തിൽ പങ്കെടുക്കണം, അല്ലെങ്കിൽ 45 വയസ് വരെ.
തടവുശിക്ഷ അനുഭവിക്കുന്ന കാലയളവ് സജീവ സേവനത്തിൽ ഉൾപ്പെടുത്തില്ല.
നിയമലംഘനങ്ങൾക്ക് തടവും പിഴയും ഉൾപ്പെടുന്ന കർശന ശിക്ഷകൾ.
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം നിയമനീതിയും സാമൂഹിക നീതിയും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതാണ് ഭേദഗതികളുടെ ലക്ഷ്യമെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd