പശ്ചിമേഷ്യൻ സംഘർഷം: ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ 58 പ്രത്യേക സർവീസുകൾ

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ ഊർജിതമാക്കി. മാർച്ച് 4 (ബുധനാഴ്ച) ഗൾഫ് മേഖലയെ ബന്ധിപ്പിച്ച് ആകെ 58 സർവീസുകൾ നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.

യുദ്ധസാഹചര്യത്തെ തുടർന്ന് നിരവധി വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ എത്തിക്കാൻ പ്രത്യേക വിമാനങ്ങൾ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ മന്ത്രാലയം ഏകോപിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ സർവീസുകൾ നടത്തുന്നത് ഇൻഡിഗോയാണ്. ആകെ 30 സർവീസുകൾ കമ്പനി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ജിദ്ദയിൽ നാല് വിമാനങ്ങളും മസ്കത്തിൽ ഒരു വിമാനവും ഇതിനായി വിന്യസിച്ചു. മസ്കത്ത്, ജിദ്ദ, മദീന, ഏതൻസ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും പുനരാരംഭിക്കും.

എയർ ഇന്ത്യ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന മൂന്ന് വലിയ വൈഡ്-ബോഡി വിമാനങ്ങൾ നിയോഗിച്ചു. മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് 350 സീറ്റുള്ള ബോയിങ് 777 വിമാനവും, ദുബായിലേക്ക് 300 സീറ്റുവരെയുള്ള ഡ്രീംലൈനർ വിമാനങ്ങളുമാണ് സർവീസ് നടത്തുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽ നിന്ന് കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് അധിക സർവീസുകൾ നടത്തും. എയർ ഇന്ത്യയും എക്സ്പ്രസും ചേർന്ന് ഇന്ന് ആകെ 23 സർവീസുകളാണ് നടത്തുന്നത്.

സ്പൈസ്ജെറ്റ് ഫുജൈറയിൽ നിന്ന് കൊച്ചി, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് എട്ട് സർവീസുകൾ നടത്തും. ഇതിൽ നാല് വിമാനങ്ങൾ ഇന്ന് പുലർച്ചെയോടെ ഇന്ത്യയിലെത്തും. സംഘർഷം ആരംഭിച്ചതിന് ശേഷം ഇതുവരെ ആകെ 1,609 സർവീസുകൾ റദ്ദാക്കിയതായി ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നു. ഇതിൽ 1,221 എണ്ണം ഇന്ത്യൻ കമ്പനികളുടേതും 388 എണ്ണം വിദേശ കമ്പനികളുടേതുമാണ്.

മാർച്ച് 3-ന് ആകെ 24 ഇന്ത്യൻ സർവീസുകളും എമിറേറ്റ്‌സ്ഇത്തിഹാദ് കമ്പനികളുടെ ഒൻപത് സർവീസുകളും പ്രവർത്തിച്ചു. സാഹചര്യങ്ങൾ അനുകൂലമായാൽ യുഎഇയിലെ വിമാനത്താവളങ്ങളിൽ നിന്ന് കൂടുതൽ സർവീസുകൾക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ വിമാനത്തിന്റെ നിലവിലെ സ്ഥിതി ബന്ധപ്പെട്ട വിമാനക്കമ്പനികളുടെ വെബ്‌സൈറ്റുകളിലൂടെയോ കസ്റ്റമർ കെയറിലൂടെയോ പരിശോധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy