സൂപ്പർ മാർക്കറ്റ് ജീവനക്കാരുമായി ഉണ്ടായ തർക്കത്തിന്റെ പ്രതികാരമായി 63കാരൻ തിരഞ്ഞെടുത്തത് അതിക്രൂരമായ മാർഗം. ഏകദേശം ഒരു വർഷത്തോളം നീണ്ട ഈ ക്രൂരത പുറത്തുവന്നത് തുടർച്ചയായി നിരവധി പേർ അസുഖബാധിതരായതോടെയാണ്. വിൽപ്പനയ്ക്കായി സൂപ്പർ മാർക്കറ്റുകളിൽ വെച്ചിരുന്ന കൊക്ക കോള, സെവൻ അപ് ബോട്ടിലുകളിൽ മൂത്രമൊഴിച്ച് പിന്നീട് അതേ സ്ഥാനത്ത് തിരിച്ചുവയ്ക്കുകയായിരുന്നു ഫ്രാങ്ക്ലിൻ ലോ കിംഗായ് എന്ന 63കാരന്റെ പ്രവർത്തനം.
കൊക്ക കോളയുടെയും സെവൻ അപ്പിന്റെയും രുചിയിൽ അസാധാരണമായ വ്യത്യാസം അനുഭവപ്പെടുന്നുവെന്ന പരാതികൾ ഉയർന്നതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് 9 വയസ്സുള്ള ഒരു കുട്ടി ശീതളപാനീയം കുടിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് ബോട്ടിലുകളിൽ കൃത്രിമത്വം നടന്നതെന്ന സംശയം ശക്തമായത്. ഹോങ്കോങിലെ വെൽകം, പാർക്കൻഷോപ്പ് എന്നീ സൂപ്പർ മാർക്കറ്റുകളിലെ കൂൾഡ്രിങ്ക്സുകളിലാണ് ഇയാൾ ഇത്തരത്തിൽ കൃത്രിമത്വം നടത്തിയിരുന്നത്. നിരന്തരമായി ലഭിച്ച പരാതികളെ തുടർന്ന് കൂൾഡ്രിങ്ക്സ് കമ്പനികൾ നടത്തിയ പരിശോധനയിലാണ് ഉൽപ്പന്നങ്ങളിൽ മൂത്രം കലർന്നതായി സ്ഥിരീകരിച്ചത്. ഇതോടെയാണ് സംഭവം പൊതുജന ശ്രദ്ധയിൽപ്പെടുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തത്.
63കാരൻ വിഷാദരോഗിയെന്ന് അഭിഭാഷകൻ
വിവാഹമോചനത്തിനും ജോലി ജീവിതത്തിൽ നിന്നുള്ള വിരമിക്കലിനും പിന്നാലെ ഇയാൾ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് 63കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരുമായി ഉണ്ടായ തർക്കമാണ് ഇത്തരമൊരു പ്രവർത്തിയിലേക്ക് ഇയാളെ നയിച്ചതെന്നും അഭിഭാഷകൻ വ്യക്തമാക്കി. 2024 ജൂലൈ 21 മുതൽ 2025 ഓഗസ്റ്റ് 6 വരെയുള്ള കാലയളവിലാണ് ഇയാൾ സോഫ്റ്റ് ഡ്രിങ്ക്സ് ബോട്ടിലുകളിൽ മൂത്രമൊഴിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഹോങ്കോങ്ങിലെ പ്രധാന കേന്ദ്രങ്ങളിലുള്ള നിരവധി സൂപ്പർ മാർക്കറ്റുകളിലും ഇയാൾ എത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണി ഉയർത്തുന്ന സംഭവമായതിനാൽ എത്ര ബോട്ടിലുകളിലാണ് കൃത്രിമത്വം നടത്തിയതെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. കോടതിയിൽ ഹാജരാക്കിയപ്പോഴുള്ള 63കാരൻ ധരിച്ചിരുന്ന ‘കൊക്ക കോള ആസ്വദിക്കൂ’ എന്ന കുറിപ്പുള്ള ടി-ഷർട്ട് ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഇയാൾക്കെതിരെ പരമാവധി മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
വിവാഹമോചനത്തിന് ശേഷം ഭാര്യയും മകനും വിദേശത്തേക്ക് പോയതായും, തുടർന്ന് ഇവർ ഇയാളുമായി ബന്ധം പുലർത്തിയിരുന്നില്ലെന്നും ഇത് വയോധികനെ കൂടുതൽ വിഷാദത്തിലേക്ക് തള്ളിയിട്ടുവെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. സൂപ്പർ മാർക്കറ്റ് ജീവനക്കാരെ ‘പ്രാങ്ക്’ ചെയ്യുക മാത്രമായിരുന്നു ഇയാളുടെ ഉദ്ദേശമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. കോടതി 63കാരന് ജാമ്യം നിഷേധിക്കുകയും, കേസ് ഒക്ടോബർ 21ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഇതുവരെ ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനും കോടതി നിർദേശിച്ചിട്ടുണ്ട്. 2025 ജൂലൈയിൽ ശീതളപാനീയം കുടിച്ചതിന് പിന്നാലെ 9 വയസ്സുള്ള കുട്ടിക്ക് അസുഖം ബാധിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ബോട്ടിലുകൾ മാറ്റിവച്ചിരുന്നുവെന്ന് വ്യക്തമായത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL