
കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിൽ ബാങ്ക് ഉദ്യോഗസ്ഥരെന്നും സർക്കാർ പ്രതിനിധികളെന്നും വ്യാജേന ഫോൺ വിളിച്ചെത്തിയ തട്ടിപ്പുസംഘം രണ്ട് വയോധികരിൽ നിന്നായി 4,400 കുവൈത്ത് ദീനാർ (ഏകദേശം 12 ലക്ഷത്തോളം രൂപ) കവർന്നു. മക്കൾ ജോലിക്ക് പോകുന്ന പകൽ സമയങ്ങളിൽ വയോധികർ വീട്ടിൽ ഒറ്റയ്ക്കാകുന്ന സാഹചര്യം മുതലെടുത്താണ് തട്ടിപ്പുകാർ വലവിരിച്ചത്.
അറുപത് വയസ്സുകാരിയായ സ്വദേശി വനിതയെ പ്രാദേശിക ബാങ്കിന്റെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി വിളിച്ചയാൾ, അവരുടെ അക്കൗണ്ട് മോഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പണം സംരക്ഷിക്കാൻ കാർഡ് വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടു. ഭയന്നുപോയ വയോധിക വിവരങ്ങൾ നൽകിയ ഉടൻ തന്നെ പല തവണകളായി 3,000 ദീനാറിൽ കൂടുതൽ പണം അക്കൗണ്ടിൽ നിന്ന് നഷ്ടമായി. സമാനമായ രീതിയിൽ വിരമിച്ച മറ്റൊരു വയോധികയെ വാണിജ്യ മന്ത്രാലയത്തിൽ നിന്നാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 1,400 ദീനാറും തട്ടിയെടുത്തു.
ഈ രണ്ട് കേസുകളും നിലവിൽ കൊമേഴ്സ്യൽ അഫയേഴ്സ് പ്രോസിക്യൂഷന് കൈമാറുകയും പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. ബാങ്കുകളോ ആഭ്യന്തര മന്ത്രാലയമോ മറ്റ് സർക്കാർ സ്ഥാപനങ്ങളോ ഫോണിലൂടെ ഒരിക്കലും ബാങ്ക് കാർഡ് വിവരങ്ങളോ പിൻ നമ്പറുകളോ ചോദിക്കില്ലെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു. ഇത്തരം സംശയാസ്പദമായ കോളുകൾ വന്നാൽ വിവരങ്ങൾ കൈമാറരുതെന്നും ഉടൻ തന്നെ പോലീസിനെ അറിയിക്കണമെന്നും സൈബർ ക്രൈം വിഭാഗം മുന്നറിയിപ്പ് നൽകി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL