Posted By Editor Editor Posted On

യുഎഇയിൽ മരിച്ച അതുല്യയുടെ ഫോൺ പരിശോധിക്കും, ഭർത്താവിനെ നാട്ടിലെത്തിക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

യുഎഇയിൽ മരിച്ച അതുല്യയുടെ ഫോൺ പരിശോധിക്കും. ഭർത്താവ് സതീഷ് ശങ്കർ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ അതുല്യയുടെ മൊബൈൽഫോൺ നാട്ടിൽ കൊണ്ടുവന്ന് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ്. ഷാർജ പൊലീസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഭർത്താവിനെ നാട്ടിൽ എത്തിച്ച് ചോദ്യം ചെയ്യും. നേരത്തെ നാട്ടിൽവച്ച് അതുല്യ നേരിട്ട പീഡനങ്ങളും പരാതികളും കോടതിയിലെ കേസുകളും പരിശോധിക്കും.ഷാർജയിൽ ഭർ‍ത്താവിനൊപ്പം താമസിച്ചു വന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ തേവലക്കര കോയിവിള മേലേഴത്ത് ജംക്‌ഷൻ അതുല്യ ഭവനിൽ ടി.അതുല്യ ശേഖറിന്റെ മരണത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും. ഇതിനായി കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ മേൽനോട്ടത്തിൽ ചവറ തെക്കുംഭാഗം പൊലീസ് ഇൻസ്പെക്ടർ എസ്.ശ്രീകുമാർ അടങ്ങുന്ന എട്ടംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തെക്കുംഭാഗം എസ്ഐ എൽ.നിയാസ്, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സജി കുമാർ, എഎസ്ഐ ദീപ്തി, സിവിൽ പൊലീസ് ഓഫിസർമാരായ ഷൺമുഖദാസ്, വിനീഷ്, അനീഷ്, ആര്യ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളവർ.ഷാർജയിലെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി അവിടത്തെ റിപ്പോർട്ട് കൂടി പരിശോധിച്ചായിരിക്കും അന്വേഷണം. അതുല്യയുടെ മാതാപിതാക്കൾ, സുഹൃത്തുക്കൾ, സഹോദരി എന്നിവരിൽനിന്നും അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ തേടും. 19ന് പുലർച്ചെയാണ് അതുല്യയെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ മാതാവിന്റെ മൊഴി രേഖപ്പെടുത്തി. തെക്കുംഭാഗം പൊലീസ് കൊലപാതകക്കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുത്തിരുന്നു. മകളെ കൊലപ്പെടുത്തിയതാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും. ഇക്കാര്യത്തിൽ പോസ്റ്റ്മോർട്ടം വന്ന ശേഷമായിരിക്കും സ്ഥിരീകരണം. അതേസമയം, കഴിഞ്ഞ ദിവസം ഷാർജയിൽ മാധ്യമപ്രവർത്തകരോട് സതീഷ് ശങ്കർ വിശദീകരിച്ച കാര്യങ്ങൾ അതുല്യയുടെ ബന്ധുക്കൾ പൂർണമായും തള്ളി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *