സൗദിയിൽ ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസിൽ വിധി പറയുന്നത് വീണ്ടും മറ്റൊരു ദിവസത്തേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ടെന്ന് പറഞ്ഞ് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. എട്ടാം തവണയാണ് റിയാദിലെ ക്രിമിനൽ കോടതി കേസ് മാറ്റിവെക്കുന്നത്. ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുൽ റഹീമും കുടുംബവും നിയമ സഹായ സമിതിയും.
2024 ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയെങ്കിലും ജയില്‍ മോചനം വൈകുകയാണ്. അതേസമയം സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണ് കേസ് തുടര്‍ച്ചയായി മാറ്റി വെയ്ക്കുന്നതെന്നാണ് അഭിഭാഷകര്‍ നല്‍കുന്ന വിശദീകരണം. 2006 ലാണ് ഈ കേസിനാസ്പദമായ സംഭവം ഉണ്ടായത്. റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു നല്‍കിയിരുന്നു. ഇന്ന് (വ്യാഴാഴ്ച) രാവിലെ 11.30ന് തുടങ്ങിയ ഓൺലൈൻ സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടു. പതിവുപോലെ ജയിലിൽനിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധിയും റിയാദ് നിയമസഹായസമിതി പ്രവർത്തകരും പങ്കെടുത്തു. ഫെബ്രുവരി രണ്ടിനായിരുന്നു കഴിഞ്ഞ സിറ്റിങ്. ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെ വധശിക്ഷ കോടതി അഞ്ച് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതാണ് ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കുന്നത്. റിയാദിലെ ഇസ്കാൻ ജയിലിലാണ് റഹീം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7