അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർക്ക് ആശ്വാസം; യുവാവിന് വൻതുക നഷ്ടപരിഹാരം വിധിച്ച് ദുബായ് കോടതി

Dubai court compensation;  വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ജീവിതം വഴിമുട്ടിയ ഡെലിവറി ഡ്രൈവർക്ക് 7,50,000 ദിർഹം (ഏകദേശം 1.7 കോടിയിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഉത്തരവിട്ടു. അപകടത്തിന് കാരണക്കാരനായ ഡ്രൈവറും വാഹനത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയും സംയുക്തമായി ഈ തുക നൽകണമെന്നാണ് കോടതിയുടെ വിധി. 2025 ഓഗസ്റ്റ് 12-നുണ്ടായ അപകടത്തെത്തുടർന്ന് യുവാവിനേറ്റ കടുത്ത ശാരീരിക പരിക്കുകൾ, സ്ഥിരമായ അംഗവൈകല്യം, മാനസിക ആഘാതം എന്നിവ പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. അപകടത്തിന് ശേഷം ഡെലിവറി ഡ്രൈവറായി ജോലി തുടരാൻ കഴിയാതായതോടെ തന്റെ ഏക വരുമാനമാർഗ്ഗം നിലച്ചെന്നും കുടുംബം പുലർത്താൻ സാധിക്കാത്ത അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി 20 ലക്ഷം ദിർഹമായിരുന്നു യുവാവ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. അബുദാബിയിലെ ഷെയ്ഖ് ഷഖ്ബൂത്ത് ബിൻ സുൽത്താൻ സ്ട്രീറ്റിലായിരുന്നു അപകടം നടന്നത്. റോഡിൽ ശ്രദ്ധിക്കാതെ വാഹനമോടിച്ച രണ്ടാം പ്രതിയുടെ വാഹനം നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ അപകടത്തിലാണ് ഡെലിവറി ഡ്രൈവർക്ക് അതീവ ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കേറ്റ ക്ഷതത്തിനും തലച്ചോറിലെ നേരിയ രക്തസ്രാവത്തിനും പുറമെ, യുവാവിന്റെ നെഞ്ചിനും പരിക്കേറ്റു. ആന്തരിക രക്തസ്രാവത്തോടൊപ്പം കരളിനും വലത് വൃക്കയ്ക്കും തകരാർ സംഭവിക്കുകയും, നട്ടെല്ലിന്റെ താഴ്ഭാഗത്തും വലത് കാലിലും പാദത്തിലും ഒന്നിലധികം ഒടിവുകളുണ്ടാവുകയും ചെയ്തു. 2025 ഓഗസ്റ്റ് 12-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായി. സെപ്റ്റംബർ 18 വരെയായിരുന്നു ആശുപത്രി വാസം. ഡിസ്ചാർജ് ചെയ്ത ശേഷവും കരളിന് ചുറ്റും നീര് കെട്ടുന്നതും വിട്ടുമാറാത്ത വയറുവേദനയും നടുവേദനയും കാരണം അദ്ദേഹം കടുത്ത ശാരീരിക ദുരിതം അനുഭവിച്ചിരുന്നതായി മെഡിക്കൽ രേഖകൾ വ്യക്തമാക്കുന്നു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *