രണ്ടാഴ്ച മാത്രം സമയം; കുവൈറ്റിലെ ഈ മേഖലയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഉത്തരവ്

കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ വൻ പൊളിച്ചുനീക്കൽ നടപടിക്ക് ഉത്തരവ്. സുരക്ഷാ ഭീഷണി ഉയർത്തുന്ന 494 കെട്ടിടങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൊളിച്ചുനീക്കണമെന്നാണ് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നിർദേശം. കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച അധികൃതർ ഗുരുതരമായ അപാകതകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മനാൽ അൽ അസ്ഫൂറാണ് ഇതുസംബന്ധിച്ച ഭരണപരമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ യൗം’ ഉത്തരവ് പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്നാണ് ഉടമകൾക്ക് നൽകിയിരിക്കുന്ന നിർദേശം.

പൊതുമരാമത്ത് മന്ത്രാലയത്തിന് കീഴിലുള്ള സർക്കാർ പരിശോധന, ഗുണനിലവാര നിയന്ത്രണ, ഗവേഷണ കേന്ദ്രം നടത്തിയ പരിശോധനയിലാണ് കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയത്. ഇവ എപ്പോൾ വേണമെങ്കിലും തകർന്നുവീഴാൻ സാധ്യതയുണ്ടെന്നും താമസക്കാരുടെയും വഴിയാത്രക്കാരുടെയും ജീവനും സ്വത്തിനും ഭീഷണിയാണെന്നും പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിശ്ചിത സമയത്തിനുള്ളിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട മുനിസിപ്പാലിറ്റി വിഭാഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉടമകൾ നടപടിയെടുക്കാത്ത പക്ഷം രണ്ടാഴ്ചത്തെ സമയപരിധി അവസാനിച്ചശേഷം മുനിസിപ്പാലിറ്റി നേരിട്ട് കെട്ടിടങ്ങൾ പൊളിച്ചുനീക്കും. എന്നാൽ ഇതിനു മുമ്പ് കെട്ടിടങ്ങളിൽ താമസക്കാരോ മറ്റുള്ളവരോ ഇല്ലെന്ന് ഉറപ്പാക്കും. പൊളിച്ചുനീക്കുന്നതിനുള്ള മുഴുവൻ ചെലവും ഉടമകളിൽനിന്ന് ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version