36 വർഷം പ്രവാസം, നാട്ടിലേക്ക് മടങ്ങാനാകാതെ കടന്നുപോയത് 15 വർഷം! ഒടുവിൽ മടക്കം ചേതനയറ്റ്, നോവായി പ്രവാസി മലയാളിയുടെ മരണം

15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അജയകുമാർ നാട്ടിലേക്ക് മടങ്ങുന്നത് ചേതനയറ്റ ശരീരമായി. സൗദി അറേബ്യയിലെ ദവാദ്മിയിൽ മരിച്ച തിരുവനന്തപുരം കിളിമാനൂർ സ്വദേശി അജയകുമാറിന്റെ (56) മൃതദേഹം നാളെ നാട്ടിലെത്തിക്കും. 36 വർഷത്തോളം സൗദിയിൽ പ്രവാസിയായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ 15 വർഷമായി നാട്ടിലേക്ക് വരാൻ കഴിഞ്ഞിരുന്നില്ല. താമസരേഖകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിയമനടപടികളുമാണ് മടക്കയാത്രയ്ക്ക് തടസ്സമായത്. കഴിഞ്ഞ മാസമാണ് താമസസ്ഥലത്ത് അജയകുമാറിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ആംബുലൻസ് അധികൃതരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു.

സോഷ്യൽ മീഡിയയിലൂടെ മതനിന്ദ നടത്തിയെന്ന ആരോപണത്തെത്തുടർന്ന് വർഷങ്ങൾക്കുമുൻപ് അജയകുമാർ സൗദിയിൽ അറസ്റ്റിലായിരുന്നു. കേസിന്റെ വിചാരണ നടപടികൾക്കിടെ ഒരു സ്വദേശി പൗരന്റെ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. തുടർന്ന് ഇദ്ദേഹത്തോടൊപ്പം താമസിച്ച അജയകുമാർ പെയിന്റിങ് ജോലികൾ ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോയി.

എന്നാൽ കേസുമായി ബന്ധപ്പെട്ട ഭയവും ആശങ്കയും കാരണം പൊതുസമൂഹത്തിൽനിന്ന് അകന്നുകഴിയുകയായിരുന്നു. സ്പോൺസറുമായി ബന്ധപ്പെടാനോ ഇഖാമ പുതുക്കാനോ നിയമപ്രശ്നങ്ങൾ പരിഹരിക്കാനോ പിന്നീട് തയ്യാറായില്ല. ഇതോടെ 15 വർഷത്തോളം നാട്ടിലേക്കുള്ള യാത്രയും മുടങ്ങി. മരണവിവരം അറിഞ്ഞതിനെത്തുടർന്ന് കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ പ്രവർത്തകർ തുടർനടപടികൾക്കായി രംഗത്തെത്തി. താമസരേഖകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മറ്റ് നിയമനടപടികളും പൂർത്തിയാക്കാൻ ഒരു മാസത്തോളം വേണ്ടിവന്നു. മൃതദേഹം സൗദിയിൽത്തന്നെ സംസ്കരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കുടുംബത്തിന്റെ ആവശ്യപ്രകാരം ഇന്ത്യൻ എംബസി ഇടപെട്ടു. ആവശ്യമായ യാത്രാരേഖകളും വിമാനടിക്കറ്റും അനുവദിച്ചതോടെ അൽഖസ്സീം വഴി ഗൾഫ് എയർ വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version