
Kuwait Traffic Department warning; സ്വന്തം വാഹനം മറ്റൊരാൾക്ക് ഓടിക്കാൻ അനുവാദം നൽകുന്നതിന് മുൻപ് വാഹന ഉടമകൾ അതീവ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം മുന്നറിയിപ്പ് നൽകി. വാഹനം ഓടിക്കാൻ അനുവാദം ലഭിച്ചയാൾ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയാൽ വാഹനം പിടിച്ചെടുക്കുമെന്നും, ഇത് ഉടമയ്ക്ക് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും അധികൃതർ വ്യക്തമാക്കി. വാഹനം കൈമാറാൻ ഉദ്ദേശിക്കുന്ന വ്യക്തിയുടെ ഡ്രൈവിങ് രീതിയും യോഗ്യതയും ഉടമകൾ കൃത്യമായി വിലയിരുത്തണമെന്ന് ട്രാഫിക് ബോധവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ബു ഹസൻ പറഞ്ഞു. കുവൈത്ത് സ്റ്റേറ്റ് റേഡിയോയിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗതാഗത നിയമലംഘനങ്ങൾക്കുള്ള നിയമപരമായ ഉത്തരവാദിത്തം കുറ്റം ചെയ്യുന്ന ഡ്രൈവർക്കായിരിക്കുമെന്ന് ബു ഹസൻ വിശദീകരിച്ചു. എങ്കിലും, നിയമലംഘനത്തെ തുടർന്ന് വാഹനം പിടിച്ചെടുത്ത് ട്രാഫിക് ഇംപൗണ്ട്മെന്റ് ഗാരേജിൽ (പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രം) പാർക്ക് ചെയ്താൽ അതിന്റെ സാമ്പത്തിക ബാധ്യത വാഹന ഉടമ നേരിടേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുരുതരമായ കേസുകളിൽ, പ്രത്യേകിച്ച് വാഹനാപകടമുണ്ടാക്കിയ ശേഷം ഡ്രൈവർ നിർത്താതെ കടന്നുകളയുന്ന സാഹചര്യങ്ങളിൽ, രജിസ്റ്റർ ചെയ്ത വാഹന ഉടമയെ അധികൃതർ ചോദ്യം ചെയ്യാനായി വിളിപ്പിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതിനാൽ, മറ്റൊരാൾക്ക് വാഹനം ഓടിക്കാൻ അനുമതി നൽകുന്നതിന് മുൻപ് അവരുടെ സ്വഭാവവും യോഗ്യതയും ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അതേസമയം, മരുഭൂമി മേഖലകളിലേക്ക് ക്യാമ്പിങ്ങിനായി പോകുന്ന വാഹനയാത്രക്കാർക്കും ബു ഹസൻ സുരക്ഷാ നിർദേശങ്ങൾ നൽകി. റോഡരികുകളിലോ ഹൈവേകൾക്ക് സമീപത്തോ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു. വാഹനങ്ങൾ ദിശതെറ്റി റോഡിലേക്ക് കയറി ഗുരുതരമായ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന്, പൊതുനിരത്തുകളിൽ നിന്ന് അകലെയുള്ള സുരക്ഷിതമായ പാർക്കിങ് സ്ഥലങ്ങൾ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു. വാഹനയാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ ഹൈവേകളിൽ നിന്നും പൊതുനിരത്തുകളിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.