വ്യാജ ബില്ലുണ്ടാക്കി തട്ടിപ്പ് നടത്തി മുങ്ങി, കുവൈത്തിൽ പ്രവാസിക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി

kuwait Fake Invoice Scam; വ്യാജ ബില്ലുകൾ ചമച്ച് പ്രമുഖ കമ്പനിയിൽ നിന്ന് 10,000 കുവൈത്ത് ദിനാർ തട്ടിയെടുത്ത കേസിൽ ഈജിപ്ഷ്യൻ അക്കൗണ്ടന്റിനുള്ള ശിക്ഷ കുവൈത്ത് പരമോന്നത കോടതി (കാസേഷൻ കോടതി) ശരിവെച്ചു. കീഴ്ക്കോടതി വിധിച്ച ഏഴ് വർഷം തടവും 30,000 ദിനാർ പിഴയുമാണ് കാസേഷൻ കോടതി ശരിവെച്ചത്. ശിക്ഷയ്‌ക്കെതിരെ പ്രതി സമർപ്പിച്ച അപ്പീൽ കോടതി തള്ളിക്കളഞ്ഞു. കുവൈത്ത് സർക്കാരിന് പങ്കാളിത്തമുള്ള പ്രമുഖ കമ്പനിയിലായിരുന്നു പ്രതിയുടെ സാമ്പത്തിക തിരിമറി. വ്യാജ ബില്ലുകൾ ഹാജരാക്കി അനധികൃതമായി 10,000 ദിനാർ കൈക്കലാക്കിയെന്നതാണ് കേസ്. തട്ടിപ്പ് നടത്തിയ ശേഷം കുവൈത്തിൽ നിന്ന് കടന്നുകളഞ്ഞ പ്രതിയെ പിന്നീട് ദുബായിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇന്റർപോളിന്റെ സഹായത്തോടെ കുവൈത്തിലേക്ക് നാടുകടത്തി വിചാരണയ്ക്ക് വിധേയനാക്കുകയായിരുന്നു. പ്രതിയോടൊപ്പം ചേർന്ന് തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട മറ്റ് കൂട്ടുപ്രതികൾക്കെതിരെ ഇവരുടെ അസാന്നിധ്യത്തിൽ ക്രിമിനൽ കോടതി നേരത്തെ ശിക്ഷ വിധിച്ചിരുന്നു. അതേസമയം, ഇതേ കമ്പനിയിൽ നിന്ന് തന്നെ 10 ലക്ഷം (ഒരു മില്യൺ) കുവൈത്ത് ദിനാർ തട്ടിയെടുത്ത മറ്റൊരു കേസിൽ ഈ അക്കൗണ്ടന്റിന് അപ്പീൽ കോടതി മുൻപ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പുറമെയാണ് വ്യാജ ഇൻവോയ്‌സ് കേസിലെ ഏഴ് വർഷം തടവും 30,000 ദിനാർ പിഴയും കാസേഷൻ കോടതി ശരിവെച്ചത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *