
Malayali youth rescues toddler; ഈസ്റ്റ് ലണ്ടനിലെ ഇൽഫോഡിൽ മൂന്നാം നിലയിലെ ജനൽപ്പടിയിൽ നിന്ന് വീണ മൂന്നുവയസ്സുകാരിയെ മലയാളി യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. മലപ്പുറം ചങ്ങരംകുളം മാന്തടം സ്വദേശിയായ മുഹമ്മദ് ജസീലാണ് മെട്രോപൊളിറ്റൻ പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഇൽഫോഡ് ഹൈറോഡിലെ തിരക്കേറിയ വ്യാപാരമേഖലയിലായിരുന്നു സംഭവം. കുട്ടിക്ക് യാതൊരു പരുക്കുമില്ലെന്ന് പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ജനാലയിൽ തൂങ്ങിനിൽക്കുന്ന കുഞ്ഞിനെ ആളുകൾ കണ്ടത്. ഏത് നിമിഷവും താഴേക്ക് വീഴാവുന്ന അവസ്ഥയിലായിരുന്ന കുഞ്ഞിന്റെ അടുത്തെത്താൻ പൊലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേസമയം, തൊട്ടടുത്ത കെട്ടിടത്തിന്റെ രണ്ടാം നിലയിൽ സുഹൃത്തിനോട് ഫോണിൽ സംസാരിച്ചുകൊണ്ട് ഡ്യൂട്ടിക്ക് പോകാൻ ഒരുങ്ങുകയായിരുന്നു മുഹമ്മദ് ജസീൽ. പുറത്തുനിന്നുള്ള ബഹളം കേട്ട് കാര്യം മനസ്സിലാക്കിയ ജസീൽ, ഷർട്ട് പോലും ധരിക്കാൻ നിൽക്കാതെ മുറിയിലെ ജനൽ വഴി പുറത്തേക്ക് ചാടി അപകടസ്ഥലത്തേക്ക് ഓടിയെത്തി. കുഞ്ഞിന്റെ പിടി അയഞ്ഞതോടെ താഴെ പൊലീസ് ഉദ്യോഗസ്ഥനൊപ്പം നിലയുറപ്പിച്ച ജസീൽ താഴേക്ക് വീണ കുഞ്ഞിനെ സുരക്ഷിതമായി കൈകളിൽ താങ്ങിയെടുത്തു. പൊലീസ് ഉദ്യോഗസ്ഥനും സഹായത്തിനായി ഒപ്പമുണ്ടായിരുന്നു. വൈകിട്ട് 3.23-ന് വിവരം ലഭിച്ച് 3.32-ഓടെ, വെറും ഒൻപത് മിനിറ്റുകൊണ്ടാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. കുഞ്ഞിനെ രക്ഷിച്ചതോടെ ജനക്കൂട്ടം കൈയടികളോടെ സന്തോഷം പ്രകടിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ ജസീലിനെ ചേർത്തുപിടിച്ച് അഭിനന്ദിച്ചു. രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ജസീലിന് അഭിനന്ദന പ്രവാഹമാണ്.
കോൺഗ്രസ് നേതാവും ആലംകോട് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സുലൈമാൻ മാന്തടത്തിന്റെയും റെജിമോളുടെയും മകനാണ് ജസീൽ. 2019-ൽ എംബിഎ പഠനത്തിനായി യുകെയിലെത്തിയ ഇദ്ദേഹം ഈസ്റ്റ് ഹാമിലെ അനന്തപുരം റസ്റ്ററന്റിൽ മാനേജരായി ജോലി ചെയ്യുകയാണ്. ഭാര്യ ഷാമിലയും മക്കളായ ഇസായേലും നവജാത ശിശുവായ ദാനിലും നാട്ടിലായതിനാൽ ജസീൽ ലണ്ടനിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്.
ധീരമായ ഇടപെടലിലൂടെ പ്രവാസി സമൂഹത്തിന് അഭിമാനമായി മാറിയ ജസീലിനെ കഴിഞ്ഞ ദിവസം ഈസ്റ്റ് ഹാമിൽ വെച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) യുകെ കേരള ചാപ്റ്ററും ഇന്ത്യൻ ഓവർസീസ് യൂത്ത് കോൺഗ്രസ് (ഐവൈസി) യുകെ കേരള ചാപ്റ്ററും സംയുക്തമായി ആദരിച്ചു. ഐഒസി പ്രസിഡന്റ് സുജു കെ. ഡാനിയേൽ, ഐവൈസി പ്രസിഡന്റ് എഫ്രേം സാം മറ്റപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ രചിച്ച ‘ആദം നീ എവിടെ ആകുന്നു..?’ എന്ന പുസ്തകം ജസീലിന് ഉപഹാരമായി നൽകി. ഒരു നിമിഷത്തെ ധൈര്യം കൊണ്ട് വലിയൊരു ദുരന്തം ഒഴിവാക്കിയ ജസീലിന്റെ പ്രവൃത്തി ലണ്ടനിലെ മലയാളി സമൂഹത്തിന് അഭിമാനവും എല്ലാവർക്കും വലിയ മാതൃകയുമാണെന്ന് ചടങ്ങിൽ പങ്കെടുത്ത നേതാക്കളും ദൃക്സാക്ഷികളും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.