ഡോളറിന്റെ തിളക്കത്തിന് പിന്നിലെ യാഥാർഥ്യം; വർഷം ഒരു കോടി ശമ്പളമുണ്ടായിട്ടും കയ്യിൽ ബാക്കിയില്ലെന്ന് പ്രവാസി യുവതി

cost of living; വിദേശത്ത് ജോലി, വർഷം ഒരു കോടി രൂപ ശമ്പളം ഇന്ത്യയിലിരുന്ന് ഈ കണക്ക് കേൾക്കുമ്പോൾ ആരുടെയും മനസ്സിൽ തെളിയുക വലിയ സമ്പാദ്യവും ആഡംബര ജീവിതവുമായിരിക്കും. എന്നാൽ ഈ പൊതുധാരണകളെയെല്ലാം പൊളിച്ചെഴുതുകയാണ് അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മഹിമ രതി എന്ന ഇന്ത്യൻ യുവതി. പ്രതിവർഷം ഏകദേശം ഒരു കോടി രൂപയോളം (പ്രതിമാസം 8,000 ഡോളർ അഥവാ 7.5 ലക്ഷം രൂപ) വരുമാനമുണ്ടായിട്ടും തന്റേത് തികച്ചും സാധാരണമായൊരു മധ്യവർഗ ജീവിതമാണെന്ന് മഹിമ വ്യക്തമാക്കുന്നു. സഹോദരൻ നിതിൻ മൽഹോത്രയുടെ ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ പങ്കുവെച്ച ഈ വരവുചെലവ് കണക്കുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

ചെലവുകളെല്ലാം ഡോളറിൽ; ബാക്കി വരുന്നത് തുച്ഛം

വിദേശ ശമ്പളം ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ വലിയ തുകയായി തോന്നിക്കുമെങ്കിലും, അമേരിക്കയിലെ ജീവിതച്ചെലവുകൾ ഡോളറിലാണെന്നതാണ് യാഥാർഥ്യം. മഹിമ പങ്കുവെച്ച പ്രതിമാസ ബജറ്റ് പരിശോധിച്ചാൽ വരുമാനത്തിന്റെ ഭൂരിഭാഗവും അടിസ്ഥാന ആവശ്യങ്ങൾക്കായി മാത്രം ഒഴുകിപ്പോകുന്നത് കാണാം.

നികുതി: 1,500 ഡോളർ (ഏകദേശം 1.4 ലക്ഷം രൂപ)

ഭവന വായ്പാ തിരിച്ചടവ്: 2,500 ഡോളർ (ഏകദേശം 2.34 ലക്ഷം രൂപ)

ഭക്ഷണം: 1,000 ഡോളർ (ഏകദേശം 94,000 രൂപ)

ആരോഗ്യ ഇൻഷുറൻസ്: 500 ഡോളർ (ഏകദേശം 47,000 രൂപ)

കാർ ഇൻഷുറൻസും ഇന്ധനവും: 500 ഡോളർ (ഏകദേശം 47,000 രൂപ)

ഫോൺ, ഇന്റർനെറ്റ്, മറ്റ് ബില്ലുകൾ: 500 ഡോളർ (ഏകദേശം 47,000 രൂപ)

കുട്ടികളുടെ ചെലവുകൾ: 300 ഡോളർ (ഏകദേശം 28,000 രൂപ)

മറ്റ് അത്യാവശ്യങ്ങൾ: 200 ഡോളർ (ഏകദേശം 19,000 രൂപ)

ഇത്രയും ചെലവുകൾ കഴിഞ്ഞ് മാസാവസാനം മഹിമയുടെ കയ്യിൽ മിച്ചം വരുന്നത് വെറും 1,000 ഡോളർ (ഏകദേശം 94,000 രൂപ) മാത്രമാണ്. ഇതിൽ സ്വന്തം ആഗ്രഹങ്ങൾക്കോ യാത്രകൾക്കോ ഉള്ള ചെലവുകൾ ഉൾപ്പെടുത്തിയിട്ടില്ല. അപ്രതീക്ഷിതമായി ഒരു ചെലവ് വന്നാൽ ഈ ചെറിയ സമ്പാദ്യവും താളംതെറ്റുന്ന അവസ്ഥയാണുള്ളത്.

ഇന്ത്യയിലെ 15 ലക്ഷവും യുഎസിലെ ഒരു കോടിയും

അമേരിക്കയിലേക്ക് പോകുന്നതിന് മുൻപ് ഇന്ത്യയിൽ ജോലി ചെയ്തിരുന്ന കാലത്തെക്കുറിച്ചും മഹിമ താരതമ്യം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ 15 ലക്ഷം രൂപയായിരുന്നു അവരുടെ വാർഷിക വരുമാനം. ഡോളർ ശമ്പളവുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് ചെറിയ തുകയാണെങ്കിലും, അന്ന് നല്ലൊരു തുക സമ്പാദിക്കാൻ സാധിച്ചിരുന്നതായി മഹിമ പറയുന്നു.

ഇവിടെയാണ് സാമ്പത്തിക ശാസ്ത്രത്തിലെ ‘പർച്ചേസിങ് പവർ പാരിറ്റി’ (വാങ്ങൽ ശേഷി) എന്ന ഘടകം പ്രസക്തമാകുന്നത്. ഒരു രാജ്യത്ത് ലഭിക്കുന്ന വരുമാനം കൊണ്ട് അവിടെ എത്രത്തോളം സാധനങ്ങളും സേവനങ്ങളും വാങ്ങാൻ സാധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഒരാളുടെ സാമ്പത്തിക ഭദ്രത. യുഎസിൽ വീട്, ആരോഗ്യ പരിരക്ഷ, മറ്റ് സേവനങ്ങൾ എന്നിവയ്ക്ക് വലിയ തുക നൽകേണ്ടി വരുമ്പോൾ, ഇന്ത്യയിൽ താരതമ്യേന കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ ലഭ്യമാകുന്നു.

ഭിന്നാഭിപ്രായങ്ങളുമായി സമൂഹ മാധ്യമം

മഹിമയുടെ വിഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് നിറയുന്നത്. യുഎസിൽ ഭാര്യയും ഭർത്താവും ജോലി ചെയ്തിട്ടും മാസാവസാനം ഒന്നും മിച്ചം പിടിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് പല പ്രവാസികളും മഹിമയുടെ വാക്കുകളെ ശരിവെക്കുന്നു.
അതേസമയം, സമ്പാദ്യം മാത്രമല്ല ജീവിതനിലവാരം എന്ന് വാദിക്കുന്നവരും ഏറെയാണ്. “നിങ്ങൾക്ക് സ്വന്തമായി വീടും കാറുമുണ്ട്. ശുദ്ധവായുവും ശുദ്ധജലവും ലഭിക്കുന്നു. മികച്ച റോഡുകൾ, പാർക്കുകൾ, കുട്ടികൾക്കുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം ആസ്വദിക്കുന്നുണ്ട്. നികുതിയായി നൽകുന്ന പണത്തിന് കൃത്യമായ അടിസ്ഥാന സൗകര്യങ്ങൾ അവിടെ തിരികെ ലഭിക്കുന്നുണ്ട്. യുഎസിലെ മിഡിൽ ക്ലാസ് ജീവിതം എന്നത് ഇതൊക്കെയാണ്” എന്നാണ് മറ്റൊരു വിഭാഗം ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നത്.

തിളക്കത്തിന് പിന്നിലെ ജീവിതം

വിദേശ രാജ്യങ്ങൾ മികച്ച അടിസ്ഥാന സൗകര്യങ്ങളും ജീവിതനിലവാരവും നൽകുന്നുണ്ടെന്നത് വസ്തുതയാണ്. എങ്കിലും, രൂപയിലേക്ക് മാറ്റുമ്പോഴുള്ള ‘കോടീശ്വരൻ’ പരിവേഷം പ്രവാസലോകത്തെ യാഥാർഥ്യമല്ല. കുതിച്ചുയരുന്ന ജീവിതച്ചെലവുകൾക്കും ഉയർന്ന നികുതിക്കുമിടയിൽ, കഠിനമായ ബജറ്റിംഗിലൂടെയാണ് ഓരോ പ്രവാസിയും മാസാവസാനം വരവുചെലവ് കണക്കുകൾ കൂട്ടിമുട്ടിക്കുന്നതെന്ന് മഹിമയുടെ അനുഭവം ഓർമിപ്പിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version