
Indian ship attacked ; ഒമാൻ തീരത്ത് ഇന്ത്യൻ പതാക വഹിച്ച കാർഗോ കപ്പലിന് നേരെ നടന്ന വ്യോമാക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. 14 ഇന്ത്യക്കാരുമായി സഞ്ചരിച്ചിരുന്ന ‘എംഎസ്വി അൽ ജുസുഫി’ എന്ന കപ്പലിന് നേരെയാണ് അജ്ഞാത കേന്ദ്രത്തിൽ നിന്ന് ആക്രമണമുണ്ടായത്. അപകടത്തിൽ ഗുജറാത്ത് സ്വദേശിയായ ഗൻഡാർ നഹിം അജിജ് ആണ് കൊല്ലപ്പെട്ടതെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോണോവാൾ സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന മറ്റ് 13 പേരെ ഒമാൻ കോസ്റ്റ് ഗാർഡ് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിതമായി പുറത്തെത്തിച്ചു. ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്കിടെയാണ് ഇത്തരമൊരു ദുരന്തം സംഭവിച്ചിരിക്കുന്നത്.
അമേരിക്ക-ഇസ്രയേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചെങ്കടലിലും പരിസര പ്രദേശങ്ങളിലും ചരക്ക് കപ്പലുകൾക്ക് നേരെ ഹൂത്തി വിമതരും മറ്റ് സായുധ സംഘങ്ങളും നിരന്തരം ആക്രമണങ്ങൾ നടത്തിവരുന്നുണ്ട്. സമാനമായ രീതിയിൽ ഹൂത്തികൾ സൗദി അറേബ്യയ്ക്കെതിരെ നടത്തുന്ന ആക്രമണങ്ങളിൽ ഇന്ത്യൻ കപ്പലുകൾ ലക്ഷ്യമാക്കപ്പെടുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ച കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, യുദ്ധസാഹചര്യങ്ങൾക്കിടെ ഫെബ്രുവരി മുതൽ ഇതുവരെ 22 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. ഇതിൽ 14 പേരും നാവികരാണെന്നത് കടൽമാർഗ്ഗമുള്ള ഗതാഗത സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകളാണ് ഉയർത്തുന്നത്.