
Dubai toirist visaദുബായിലേക്ക് യാത്ര ആസൂത്രണം ചെയ്യുന്ന വിനോദസഞ്ചാരികൾക്ക് ഇനി മുതൽ നഗരത്തിന്റെ ഔദ്യോഗിക ടൂറിസം വെബ്സൈറ്റായ ‘വിസിറ്റ് ദുബായ്’ (Visit Dubai) വഴി സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വിസകൾക്ക് നേരിട്ട് അപേക്ഷിക്കാം. വിനോദസഞ്ചാര മേഖലയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നവംബർ 1 ഞായറാഴ്ചയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പ്രധാന കാഴ്ചകൾ കാണാനും ടിക്കറ്റുകൾ ബുക്ക് ചെയ്യാനും പരിപാടികളെക്കുറിച്ച് അറിയാനും യാത്രകൾ പ്ലാൻ ചെയ്യാനും സഞ്ചാരികൾ ഉപയോഗിക്കുന്ന അതേ വെബ്സൈറ്റിൽ തന്നെ ഇനി വിസ അപേക്ഷാ സൗകര്യവും ലഭ്യമാകും.
വിവിധ ടൂറിസ്റ്റ് വിസ വിഭാഗങ്ങൾ, അപേക്ഷാ ഫീസ്, ആവശ്യമായ രേഖകൾ, നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ സമയം എന്നിവ വിശദീകരിക്കുന്ന പ്രത്യേക വിസ വിഭാഗം ഇതിനകം തന്നെ വിസിറ്റ് ദുബായ് വെബ്സൈറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം, 30 ദിവസത്തെ സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് വാറ്റ് (VAT) ഒഴികെ 200 ദിർഹം മുതലാണ് ഫീസ് ആരംഭിക്കുന്നത്. അപേക്ഷകൾ സമർപ്പിച്ചാൽ സാധാരണയായി മൂന്ന് പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ വിസ നടപടികൾ പൂർത്തിയാകും.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. ദുബായിലേക്ക് നിരന്തരമായി എത്തുന്ന സന്ദർശകർക്ക് പ്രത്യേക ആനുകൂല്യങ്ങളും മികച്ച അനുഭവങ്ങളും വാഗ്ദാനം ചെയ്യുന്ന ‘ദുബായ് ആക്സസ് ക്ലബ്ബ്’ (Dubai Access Club) എന്ന ക്ഷണിതാക്കൾക്ക് മാത്രമായുള്ള അംഗത്വ പദ്ധതിയും ഇതിനൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.
സഞ്ചാരികൾക്ക് വരുന്ന മാറ്റങ്ങൾ എന്തൊക്കെ?
നിലവിൽ മുൻകൂട്ടി വിസ ആവശ്യമുള്ള യാത്രക്കാർക്ക് നിലവിലുള്ള സർക്കാർ പോർട്ടലുകൾ, അംഗീകൃത ട്രാവൽ ഏജൻസികൾ, എമിറേറ്റ്സ്, ഫ്ലൈദുബായ് തുടങ്ങിയ വിമാനക്കമ്പനികൾ എന്നിവ വഴിയാണ് വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്. പുതിയ പദ്ധതി വരുന്നതോടെ വിസ അപേക്ഷകൾ സമർപ്പിക്കാൻ ‘വിസിറ്റ് ദുബായ്’ മറ്റൊരു ഔദ്യോഗിക പ്ലാറ്റ്ഫോമായി മാറും. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് – ദുബായ് (GDRFA Dubai) തന്നെയാണ് തുടർന്നും വിസ അപേക്ഷകൾ പരിശോധിച്ച് വിസകൾ അനുവദിക്കുക. പുതിയ സേവനത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരുംദിവസങ്ങളിൽ അറിയിക്കും.
ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളും കാര്യക്ഷമതയും നിലനിർത്തിക്കൊണ്ട് സേവനങ്ങളെ ഒരൊറ്റ ഡിജിറ്റൽ സംവിധാനത്തിലേക്ക് സമന്വയിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഇതെന്ന് ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. വിവിധ വെബ്സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും കയറിയിറങ്ങുന്നത് ഒഴിവാക്കി സർക്കാർ സേവനങ്ങളെ ഏകീകൃത പ്ലാറ്റ്ഫോമുകളിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ‘ഷെയർഡ് ഡിജിറ്റൽ ചാനൽസ് ഇനിഷ്യേറ്റീവ്’ (Shared Digital Channels Initiative)ന്റെ ഭാഗമായാണ് ഈ മാറ്റം.
വിസ വിഭാഗങ്ങൾ:
വിസിറ്റ് ദുബായ് വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം എൺപതിലധികം രാജ്യങ്ങളിലെ പൗരന്മാർക്ക് ദുബായിൽ ‘ഓൺ അറൈവൽ’ വിസയ്ക്ക് അർഹതയുണ്ട്. ജിസിസി (GCC) പൗരന്മാർക്ക് വിസയില്ലാതെ തന്നെ പ്രവേശിക്കാം, അതേസമയം ജിസിസി റെസിഡന്റുകൾക്ക് ഇ-വിസയ്ക്ക് അപേക്ഷിക്കാം. മുൻകൂട്ടി വിസ ആവശ്യമുള്ള വിനോദസഞ്ചാരികൾക്കായി സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി, അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് വെബ്സൈറ്റിൽ നൽകിയിട്ടുള്ളത്. ഇതിൽ സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾ 30 ദിവസം, 60 ദിവസം എന്നീ കാലാവധികളിൽ ലഭ്യമാണ്.