
Kuwait labor law salary protection; തൊഴിൽ കരാർ നിലനിൽക്കെ തൊഴിലാളികളുടെ ശമ്പളം കുറയ്ക്കാൻ തൊഴിലുടമകൾക്ക് യാതൊരു അവകാശവുമില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM). തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി, തൊഴിൽ നിയമങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തിക്കൊണ്ട് പുറത്തിറക്കിയ അറിയിപ്പിലാണ് അതോറിറ്റി കർശന നിർദ്ദേശങ്ങൾ നൽകിയത്. കുവൈറ്റ് തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 28 പ്രകാരം, തൊഴിൽ കരാറിൽ രേഖപ്പെടുത്തിയിരിക്കുന്ന വേതനം കരാർ കാലാവധിയിലുടനീളം മാറ്റമില്ലാതെ തുടരണം. കരാർ നിലനിൽക്കെ ഒരു കാരണവശാലും ശമ്പളത്തിൽ കുറവ് വരുത്താൻ തൊഴിലുടമയ്ക്ക് അനുവാദമില്ലെന്ന് അതോറിറ്റി വ്യക്തമാക്കുന്നു. തൊഴിലാളികൾക്ക് നൽകിയ വായ്പകളോ മറ്റ് കുടിശ്ശികകളോ തിരിച്ചുപിടിക്കുന്നതിനായി ശമ്പളത്തിൽ നിന്ന് തുക പിടിക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ട്. എന്നാൽ, ആർട്ടിക്കിൾ 59/A പ്രകാരം ഈ പിടുത്തം ശമ്പളത്തിന്റെ 10 ശതമാനത്തിൽ കൂടുതൽ ആകാൻ പാടില്ല. കൂടാതെ, ഇത്തരത്തിൽ നൽകുന്ന വായ്പകൾക്ക് തൊഴിലുടമകൾ പലിശ ഈടാക്കുന്നതും നിയമവിരുദ്ധമാണ്. മറ്റ് സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനായി ശമ്പളം കണ്ടുകെട്ടുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യേണ്ടി വന്നാൽ, കടങ്ങളുടെ എണ്ണം എത്രയാണെങ്കിലും ആകെ പിടിക്കുന്ന തുക ശമ്പളത്തിന്റെ 25 ശതമാനത്തിൽ കൂടാൻ പാടില്ല. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 59/B പ്രകാരം, തൊഴിലാളികൾ ഒരേസമയം ഒന്നിലധികം കടങ്ങൾ തിരിച്ചടയ്ക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായാൽ, കോടതി ഉത്തരവനുസരിച്ചുള്ള ‘ജീവനാംശത്തിന്’ (Alimony) ആയിരിക്കണം ആദ്യ പരിഗണന നൽകേണ്ടതെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു. തൊഴിലുടമകളുടെ ഉത്തരവാദിത്തങ്ങളും തൊഴിലാളികളുടെ അവകാശങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഈ നടപടികൾ സഹായിക്കുമെന്നാണ് അതോറിറ്റിയുടെ വിലയിരുത്തൽ.