കുവൈറ്റിൽ തുറസ്സായ പ്രദേശത്ത് കുത്തേറ്റനിലയിൽ പ്രവാസിയുടെ മൃതദേഹം; അന്വേഷണം..

കുവൈത്തിലെ മഹ്ബൂലയിൽ തുറസ്സായ സ്ഥലത്ത് ഏഷ്യൻ വംശജനായ യുവാവിന്റെ മൃതദേഹം കുത്തേറ്റ മുറിവുകളോടെ കണ്ടെത്തി. 30 വയസ്സിലധികം പ്രായം തോന്നിക്കുന്ന യുവാവിന്റെ മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാവിലെയാണ് മഹ്ബൂലയിൽ ഒരാളുടെ മൃതദേഹം കിടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് വിഭാഗം വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

മരിച്ചയാളുടെ ശരീരത്തിൽ രണ്ട് ഗുരുതരമായ കുത്തേറ്റ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറുടെ നിർദേശപ്രകാരം മൃതദേഹം കൂടുതൽ പരിശോധനകൾക്കും പോസ്റ്റ്‌മോർട്ടത്തിനുമായി ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി.

മരിച്ചയാളെ തിരിച്ചറിയുന്നതിനും സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനുമാണ് അന്വേഷണസംഘത്തിന്റെ ശ്രമം. യുവാവിന്റെ വ്യക്തിബന്ധങ്ങൾ, സുഹൃത്തുക്കൾ, മുൻകാല ഇടപെടലുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ ഡിറ്റക്ടീവുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

കൊലപാതകമാണോ മരണത്തിന് പിന്നിലെന്നും ആരെങ്കിലും ആക്രമണം നടത്തിയതാണോ എന്നുമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ഫോറൻസിക് പരിശോധനാ ഫലങ്ങൾ പുറത്തുവരുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് സുരക്ഷാ വൃത്തങ്ങൾ നൽകുന്ന സൂചന.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version